ആലപ്പുഴ-നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനല്ലാതെ മലയാള സിനിമരംഗത്തേക്ക് മടങ്ങിയെത്തുകയാണ് ഫാസില്‍. നിര്‍മാതാവായാണ് ഇത്തവണ തിരിച്ചു വരവ്. 16 വര്‍ഷത്തിന് ശേഷമാണ് നിര്‍മാതാവായി ഫാസില്‍ തിരിച്ചെത്തുന്നത്. മഹേഷ് നാരായണന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന 'മലയന്‍ കുഞ്ഞ്' എന്ന ചിത്രവുമായാണ് ഫാസില്‍ എത്തുന്നത്. സജിമോന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാന രംഗത്ത് നിന്നും മാറിനില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും ഇത്രയും വലിയ ഗ്യാപ് എടുത്തതിനെ കുറിച്ചും പറയുകയാണ് ഒരു അഭിമുഖത്തില്‍ ഫാസില്‍. 'അടുപ്പിച്ച് സിനിമകള്‍ ചെയ്തിരുന്നു. വന്‍ താരനിര വെച്ചും സിനിമകള്‍ ചെയ്തു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വിസ്മയത്തുമ്പത്ത്, കൈയ്യെത്തും ദൂരത്ത് തുടങ്ങിയവയാണ് അടുപ്പിച്ചു ചെയ്ത ചിത്രങ്ങള്‍. ഇവ വലിയ പരാജയമായി. ഇതോടെ ചിത്രം നിര്‍മിക്കാന്‍ മടിയും ഭയവും ഉണ്ടായി. പിന്നെ സ്വയം അങ്ങ് ഒതുങ്ങിക്കൂടുകയായിരുന്നു. അപ്പോഴാണ് മഹേഷ് പുതിയ ആശയവുമായി വന്നത്,' ഫാസില്‍ പറഞ്ഞു. ഇടവേള എടുത്തപ്പോള്‍ മനസില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് സത്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലായിരുന്നെന്നാണ് ഫാസിലിന്റെ മറുപടി. 'ഏത് സിനിമ ഓടും, ഏത് ഓടില്ല എന്ന വലിയൊരു മാറ്റം ഈ കാലത്തുണ്ടായി. റിയലിസ്റ്റിക് സിനിമകളോട് ആള്‍ക്കാര്‍ക്ക് വീണ്ടും താത്പര്യമായി എന്നാണ് എനിക്ക് തോന്നുന്നത്. ഫഹദ് തന്നെ ചെയ്ത മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകള്‍ റിയലിസ്റ്റിക് അപ്രോച്ചുള്ള പടങ്ങളാണ്. അതു നന്നായി ഓടുകയും ചെയ്തു. അതേസമയം, പക്കാ കൊമേഴ്‌സ്യലായെടുത്ത അയ്യപ്പനും കോശിയും വന്‍ ഹിറ്റായി. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലും റിയലിസ്റ്റിക് അപ്രോച്ചായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എന്തെങ്കിലും ഉണ്ടെങ്കിലേ ഓടു എന്നത് ബോധ്യമായി. ആ കണ്‍ഫ്യൂഷനായിരുന്നു എനിക്ക്. പിന്നെ ജഡ്ജ്‌മെന്റ് കംപ്ലീറ്റായി പോയിക്കിടക്കുകായിരുന്നു,- ഫാസില്‍ പറഞ്ഞു.