ചെന്നൈ- വിദ്യാര്‍ഥികളോട് അശ്ലീലമായി പെരുമാറിയതിന് ചെന്നൈ പദ്മശേഷാദ്രി ബാലഭവന് സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പരാതികളുമായി മറ്റു സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും രംഗത്ത്. കൂടുതലും പൂര്വവിദ്യാര്ഥികളാണ് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. പദ്മശേഷാദ്രി ബാലഭവനിലെ അധ്യാപകന് ജി. രാജഗോപാലനെ പോക്സോ പ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ക്കെതിരേ ഒരു വിദ്യാര്‍ഥിനി ലൈംഗിക പീഡനപരാതി ഉന്നയിച്ചതോടെ നിരവധി വിദ്യാര്‍ഥിനികള്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇത്തരം സംഭവങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വ്യാപകമായി പ്രചരിച്ചു. ഇതേ സ്കൂളിലെ മറ്റു ചില അധ്യാപകര്‍ക്കെതിരേയും പരാതികളുണ്ടായി. ചെന്നൈയിലെത്തന്നെ മറ്റൊരു പ്രമുഖ സ്കൂളായ ചെട്ടിനാട് വിദ്യാശ്രമത്തിലെ പൂര്‍വവിദ്യാര്‍ഥികളും ഇന്‍സ്റ്റഗ്രാമില്‍ അധ്യാപകരുടെ ലൈംഗിക പീഡനത്തെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തി. മൂന്ന് അധ്യാപകരുടെ പേരിലാണ് പ്രധാനമായും പരാതി. കായിക അധ്യാപകനാണ് ഇതിലൊരാള്‍. ക്ലാസ് മുറിക്കകത്തും പുറത്തും പല തരത്തിലുള്ള ഉപദ്രവങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. മോശമായി പെരുമാറുന്ന മറ്റു ചില അധ്യാപകരുടെ വിവരങ്ങളും പങ്കുവെച്ചു. പരാതികള്‍ പലപ്പോഴും സ്കൂള്‍ മാനേജ്മെന്റ് ഗൗരവത്തോടെ കണ്ടില്ലെന്നും അധ്യാപകരെ വെറുതെ തെറ്റിദ്ധരിക്കുന്നതാണെന്നുള്ള ഉപദേശമാണ് നല്‍കാറുള്ളതെന്നും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.1990കളിലും 2000ത്തിലുമൊക്കെ സ്കൂളില്‍ പഠിച്ചവരും ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത മാത്രം കണക്കിലെടുത്ത് അധ്യാപക നിയമനം നടത്തരുതെന്നും സ്വഭാവഗുണവും മുന്‍കാല വിവരങ്ങളും അടക്കം മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു.