ന്യൂദല്‍ഹി- യോഗാ ഗുരു ബാബാ രാംദേവിന് 1,000 കോടി രൂപയുടെ മാനനഷ്ട നോട്ടിസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഉത്തരാഖണ്ഡ് ഘടകം. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും രാംദേവ് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണു നടപടി. പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്ന് ഐഎംഎ പറയുന്നു. രാംദേവിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. അലോപ്പതിക്കെതിരായ രാംദേവിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ്വര്ധന് വിയോജിപ്പ് അറിയിച്ച് കത്തയച്ചിരുന്നു. തുടര്‍ന്ന് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാംദേവ് വ്യക്തമാക്കി.
ഒരു വാട്സാപ് സന്ദേശം രാംദേവ് വായിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതെന്നും ഐഎംഎ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പതഞ്ജലി യോഗപീഠ് പ്രതികരിച്ചു. അലോപ്പതി മരുന്നു കഴിച്ച് ലക്ഷങ്ങള്‍ മരിച്ചുവെന്ന് രാംദേവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.