Sorry, you need to enable JavaScript to visit this website.

കർഷക സമരത്തിന് ആറുമാസം, മോഡിയുടെ കോലം കത്തിച്ച് കർഷകർ

ന്യൂദൽഹി-വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ദൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ പ്രതിഷേധവുമായി കർഷകർ. രാജ്യവ്യാപകമായി മോഡിയുടെ കോലം കർഷകർ കത്തിച്ചു.  കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ദൽഹി അതിർത്തികളിലേക്ക്് എത്താൻ പദ്ധതിയിട്ടിരുന്നു. മോഡിക്കെതിരെ വൻ പ്രതിഷേധമാണ് കർഷകർ ഉയർത്തുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിവിധ സ്ഥലങ്ങൡ കർഷകരുടെ സംഘങ്ങൾ യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധത്തിനായി നിലവിലെ സാഹചര്യത്തിൽ ആരും തന്നെ ദൽഹിയിലേക്ക് തിരിക്കേണ്ടതില്ലെന്നും എവിടെയാണോ ഉള്ളത് അവിടെനിന്ന് കരിങ്കൊടികളുമായി പ്രതിഷേധിച്ചാൽ മതിയെന്നുമാണ് കർഷക സമരത്തിന് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഇന്നലെ ആഹ്വാനം ചെയ്തത്. 
സർക്കാരുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് കർഷകർ തയാറാണ്. സർക്കാർ ചർച്ചയ്ക്ക് ഒരുക്കമാണെങ്കിൽ അക്കാര്യവുമായി അവർ തന്നെയാണ് ആദ്യം മുന്നോട്ടു വരേണ്ടത്. പക്ഷേ, ഇതുവരെയുള്ള ചർച്ചകൾ എവിടെ നിർത്തി വെച്ചോ അതേവിഷയങ്ങളിൽ ഊന്നി അവിടെനിന്നു തന്നെ ചർച്ച തുടരണമെന്നും രാകേഷ് ടികായത് പറഞ്ഞു. വിവാദ നിയമങ്ങൾ അവതരിപ്പിച്ചതും പാസാക്കിയതും കേന്ദ്ര സർക്കാരാണ്. അത് കൊണ്ടു തന്നെ സർക്കാരാണ് ഇക്കാര്യത്തിൽ പരിഹാരവുമായി മുന്നോട്ടു വരേണ്ടത്. 2024 വരെ സമരം ചെയ്യണമെങ്കിൽ കർഷകർ അതിനും തയാറാണ്. വേണമെങ്കിൽ 2025ലും നിയമം പിൻവലിക്കുന്നത് വരെ സമരം ചെയ്യുമെന്നും ടികായത് വ്യക്തമാക്കി. 
ദൽഹി അതിർത്തികളോട് ചേർന്ന് വീടുകൾ ഉള്ളവർ മാത്രം പ്രധാന സമരവേദികളിൽ ഒത്തുകൂടിയാൽ മതി. കഴിഞ്ഞ ആറുമാസമായി സർക്കാരാണ് കർഷകരെ ഇത്തരത്തിൽ ദൽഹി അതിർത്തിയിൽ കുത്തിയിരുത്തിയിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. അതു കൊണ്ടു പ്രതിഷേധ സൂചകമായി ഇന്നു രാജ്യത്തുടനീളം കേന്ദ്ര സർക്കാരിന്റെയും കോലം കത്തിക്കും. പാസാക്കിയ വിവാദ നിയമങ്ങളാണോ കോവിഡ് രോഗമാണോ വലുതെന്ന് സർക്കാർ ഈ അവസരത്തിൽ എങ്കിലും വ്യക്തമാക്കാൻ തയാറാകണം. രോഗം തന്നെയാണ് വലുത് എങ്കിൽ സർക്കാർ ഇപ്പോഴെങ്കിലും പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകണം. സർക്കാർ അതിന് തയാറാകുകയാണെങ്കിൽ കർഷകർ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 
മേയ് 26ന് കർഷക സമരം ആറു മാസം പൂർത്തിയാക്കുകയാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നിട്ട് ഏഴ് വർഷം തികയുന്നതും ഈ അവസരിത്തിലാണ്. അതുകൊണ്ടു തന്നെയാണ് ഈ ദിവസം കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് കർഷക സംഘടന നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. കർഷകർ ഇന്ന് തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും കരിങ്കൊടികൾ ഉയർത്തണം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. 
അതിനിടെ, ദൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കോവിഡ് വ്യാപനത്തിന് കാരണമായെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ദൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഇന്ന് കർഷകർ കരിദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. സമരം നടത്തുന്ന കർഷകർ തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
 

Latest News