പാലക്കട്- പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സേതു രാമയ്യര്‍ സിബിഐ വീണ്ടുമെത്തുകയാണ്. സസ്‌പെന്‍സുകള്‍ നിറഞ്ഞ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ അഞ്ചാം ഭാഗം കെ മധു എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് ഒരുങ്ങുന്നത്.
അഞ്ചാം പതിപ്പില്‍ ആശ ശരത്, സൗബിന്‍ ഷാഹിര്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിബിഐ സീരീസ് ചിത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പില്‍ ഭാഗമാകുന്നുവെന്നതിലെ സന്തോഷം ആശ ശരത് ഫേസ്ബുക്കില്‍ പങ്കുവച്ചു. സിനിമ ചെയ്യുന്നതില്‍ താന്‍ ആകാംക്ഷയിലാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. സിബിഐ അഞ്ചാം ഭാഗത്തിനെ കുറിച്ചുള്ള പത്രക്കുറിപ്പിന്റെ ഫോട്ടോ കൂടി ചേര്‍ത്തുകൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറികുറിപ്പാണ് സിബിഐ സിനിമ പരമ്പരയിലെ ആദ്യ ചിത്രം. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ജഗതി എന്നിവരും മുഖ്യവേഷത്തിലെത്തി.
രണ്ടാം ഭാഗമായി 1989ല്‍ ഇറങ്ങിയ ജാഗ്രതയില്‍ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരായി വീണ്ടുമെത്തി. 2004ല്‍ സേതുരാമയ്യര്‍ സിബിഐ എന്ന പേരില്‍ മൂന്നാം ഭാഗമിറങ്ങിയപ്പോള്‍ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, മുകേഷ് എന്നിവരും ഒപ്പം വിനീത് കുമാറും പ്രധാന താരങ്ങളായി. 2005ലാണ് നാലാം പതിപ്പ് എത്തിയത്. നേരറിയാന്‍ സിബിഐ എന്ന സിനിമയില്‍ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവര്‍ക്കൊപ്പം ജിഷ്ണുവും മുഖ്യതാരമായി. ഏറ്റവും പുതിയ ചിത്രത്തില്‍ രഞ്ജി പണിക്കറും സൗബിനും ആശ ശരത്തും സായ് കുമാറും വരുന്നുവെന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു.