ചണ്ഡീഗഢ്- യോഗ പരീശീലകന്‍ ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലി കോവിഡ് മരുന്നെന്ന പേരില്‍ പുറത്തിറക്കിയ കോറോനില്‍ ഒരു ലക്ഷം കിറ്റുകള്‍ കോവിഡ് രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനം. കോവിഡ് രോഗികള്‍ക്ക് ഇവ സൗജന്യമാണെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. ഇതിനുള്ള പകുതി ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് റിലീഫ് ഫണ്ടും പകുതി പതഞ്ജലിയും വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡിന് സുഖപ്പെടാനുള്ള ആദ്യ മരുന്നെന്ന പേരില്‍ ബാബ രാംദേവ് ഈ മരുന്ന് ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. ഇത് വലിയ വിവാദമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷന്‍ വര്‍ധന്റെ സാന്നിധ്യത്തിലായിരുന്നു ഈ മരുന്നിന്റെ പ്രകാശനം. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ശക്തമായി രംഗത്തു വന്നിരുന്നു. ഒരു ഡോക്ടര്‍ കൂടിയായ ആരോഗ്യ മന്ത്രിക്ക് എങ്ങനെ അശാസ്ത്രീയമായ ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നുവെന്നും ഡോക്ടര്‍മാരുടെ സംഘടന ചോദ്യം ചെയ്തിരുന്നു.
ഹരിയാനയില്‍ ഗ്രാമീണ മേഖലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിനു കാരണമായി ബിജെപി സര്‍ക്കാര്‍ പറയുന്നത് ഏറെ നാളായി തുടരുന്ന കര്‍ഷക സമരമാണ്. സമരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് അതിതീവ്ര രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.