Sorry, you need to enable JavaScript to visit this website.

ആഭരണ വിപണിയിൽ തിളക്കം,  കേരോൽപന്നങ്ങളിൽ ചാഞ്ചാട്ടം 

കാലവർഷം മുന്നിൽ കണ്ട് ടയർ നിർമാതാക്കൾ റബർ വില ഉയർത്തി മുൻകൂർ കച്ചവടങ്ങൾക്ക് നീക്കം തുടങ്ങി. ഉത്തരേന്ത്യൻ ഡിമാന്റിൽ പ്രതീക്ഷ അർപ്പിച്ച് വാങ്ങലുകാർ കുരുമുളക് വില ഉയർത്തി. നാളികേരോൽപന്നങ്ങളിൽ ചാഞ്ചാട്ടം. ആഭരണ വിപണികളിൽ സ്വർണം തിളങ്ങി.


മൺസൂൺ പടിവാതിൽക്കൽ എത്തിയതോടെ കേരളത്തിലെ വിപണികളിൽ റബർ ഷീറ്റ് ക്ഷാമം രൂക്ഷമായത് ടയർ നിർമാതാക്കളെ സമ്മർദത്തിലാക്കി. കോവിഡും ലോക്ഡൗണും മൂലം കാർഷിക മേഖല മൊത്തത്തിൽ സ്തംഭിച്ചതിനാൽ ഉൽപാദകർ വിൽപനയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. റബർ വില ഉയർത്തി കർഷകരെ തോട്ടങ്ങളിലേയ്ക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ടയർ ലോബി. തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഘടിപ്പിച്ചാൽ മാത്രമേ ജൂൺ, ജൂലൈയിൽ തടസ്സമില്ലാതെ ടാപ്പിങ് മുന്നോട്ട് കൊണ്ടുപോകാനാവൂ. 


വരൾച്ചയെ തുടർന്ന് ഫെബ്രുവരി മുതൽ കർഷകർ ടാപ്പിങ് നിർത്തിയതിനാൽ കേരളത്തിലെ വിപണികളിൽ ഷീറ്റിനും ലാറ്റക്‌സിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. കാലവർഷത്തിൽ ടാപ്പിങ് പുനരാരംഭിച്ചില്ലെങ്കിൽ ഇറക്കുമതിയെ  ആശ്രയിക്കേണ്ടി വരുമെന്ന ഭീതിയിലാണ് ടയർ മേഖല. നാലാം ഗ്രേഡ് റബർ 17,300 രൂപയായും അഞ്ചാം ഗ്രേഡ് 16,500 17,000 ത്തിലും ഒട്ടുപാൽ 11,300 ലും ലാറ്റക്‌സ് 11,700 രൂപയിലുമാണ്. 


കുരുമുളക് രണ്ടാഴ്ച സ്റ്റെഡിയായി നീങ്ങിയ ശേഷം വീണ്ടും ഉയർന്നു. കാര്യമായ ആഭ്യന്തര ഡിമാന്റ് ഇല്ലെങ്കിലും അൺ ഗാർബിൾഡ് കുരുമുളക് വില 37,000 രൂപയിൽ നിന്ന് 38,200 വരെ കയറി. ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും വിൽപനയ്ക്ക് താൽപര്യം കാണിച്ചില്ല. ലോക്ഡൗൺ പിൻവലിക്കുന്നതോടെ ലഭ്യത ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് വാങ്ങലുകാർ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5000 ഡോളർ. മറ്റു ഉൽപാദക രാജ്യങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല.  


സംസ്ഥാനത്തെ വിപണികളിൽ വെളിച്ചെണ്ണയുടെ കൈമാറ്റം കുറഞ്ഞതിനിടയിലും നിരക്ക് ചെറിയ തോതിൽ കയറിയിറങ്ങി. കാലവർഷത്തിന്റെ വരവോടെ നാളികേര വിളവെടുപ്പ് തടസ്സപ്പെടുന്നത് കൊപ്രയ്ക്ക് നേട്ടം പകരുമെന്ന വിശ്വാസത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. കൊച്ചിയിൽ വെളിച്ചെണ്ണ 17,600 ലും കൊപ്ര 11,450 രൂപയിലും ക്ലോസിങ് നടന്നു.  
   സ്വർണ വില പ്രതീക്ഷിച്ച പോലെ തന്നെ വീണ്ടും ഉയർന്നു. പവൻ 35,920 രൂപയിൽ നിന്ന് 36,480 രൂപയായി. ഗ്രാമിന് വില 4490 രൂപയിൽ നിന്ന 4560 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1843 ഡോളറിൽ നിന്ന് 1880 ഡോളറായി. ഈ വാരം 1904 ലെ തടസ്സം മറികടന്നാൽ കൂടുതൽ മികവിന് ശ്രമം നടക്കും. 

Latest News