Sorry, you need to enable JavaScript to visit this website.

അഴിമതി കേസില്‍ ലാലു പ്രസാദിന് സിബിഐ ക്ലീന്‍ ചിറ്റ്

പട്‌ന- കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ പ്രമുഖ റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫില്‍ നിന്ന് കോഴ സ്വീകരിച്ചെന്ന ആരോപണത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. ലാലുവിനും മക്കള്‍ക്കുമെതിരെ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സിബിഐ കേസ് അവസാനിപ്പിച്ചതായാണ് റിപോര്‍ട്ട്. ലാലുവിനും ഡിഎല്‍എഫ് ഗ്രൂപ്പിനുമെതിരായ അഴിമതി ആരോപണത്തില്‍ സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം 2018ലാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. മുംബൈയിലെ ബാന്ദ്രയിലെ റെയില്‍വെ ഭൂമി പാട്ടത്തിനു ലഭിക്കുമെന്നും ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതി സ്വന്തമാക്കാമെന്നും കണക്കുകൂട്ടിയാണ് ഡിഎല്‍എഫ് ഗ്രൂപ്പ് റെയില്‍വേ മന്ത്രിക്ക് സൗത്ത് ദല്‍ഹിയിലെ വിലയേറിയ ഭൂമി കോഴയായി നല്‍കിയതെന്നായിരുന്നു ആരോപണം.

എ.ബി എക്‌സ്‌പോര്‍ട്‌സ് എന്ന കടലാസ് കമ്പനി 2007 ഡിസംബറില്‍ സൗത്ത് ദല്‍ഹിയിലെ ന്യൂഫ്രണ്ട്‌സ് കോളനിയിലെ 30 കോടി രൂപ വിപണി വിലയുള്ള ഭൂമി വെറും അഞ്ച് കോടി രൂപയ്ക്ക് വാങ്ങി. ഈ ഇടപാടിന് പണം നല്‍കിയത് ഡിഎല്‍എഫ് ഗ്രൂപ്പ് ആണെന്നായിരുന്നു ആരോപണം. മറ്റു കടലാസ് കമ്പനികള്‍ വഴിയായിരുന്നു ഈ ഇടപാടെന്നും ആരോപണം ഉണ്ടായിരുന്നു. 2011ല്‍ ലാലുവിന്റെ മക്കളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവര്‍ എ.ബി എക്‌സ്‌പോര്‍ട്‌സിനെ വെറും നാലു ലക്ഷം രൂപയ്ക്ക് ഓഹരി കൈമാറ്റത്തിലൂടെ സ്വന്തമാക്കിയെന്നും ആരോപിപ്പക്കപ്പെട്ടിരുന്നു. 

രണ്ടു വര്‍ഷം നീണ്ട അന്വേഷത്തില്‍ ഈ ആരോപണങ്ങളില്‍ ആര്‍ക്കെതിരേയും കുറ്റം കണ്ടെത്താനായില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ കേസ് അവസാനിപ്പിച്ച് ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. ഈ കേസില്‍ ആദായ നികുതി വകുപ്പും വേറെ കേസെടുത്തിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലിലായിരുന്ന ലാലുവിനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മാസം ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Latest News