ഗാന്ധിനഗര്‍- വിവാഹത്തിലൂടെ ബലംപ്രയോഗിച്ചോ തട്ടിപ്പു മാര്‍ഗങ്ങളിലൂടെയോ മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ നല്കുന്ന പുതിയ നിയമ ഭേദഗതിക്ക് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്വ്രത് അനുമതി നല്കി. കഴിഞ്ഞ മാസമാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതി ബില്‍, 2021 നിയമസഭ പാസാക്കിയത്. ഇതുള്‍പ്പടെ ഏഴും മറ്റു ബില്ലുകളും ഗവര്‍ണര്‍ അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി ഭുപേന്ദ്രസിന്‍ഹ് ഛൗദസാമ പറഞ്ഞു.
പുതിയ മതസ്വാതന്ത്ര്യ നിയമപ്രകാരം ഒരു വ്യക്തിയെ വിവാഹത്തലൂടെയോ, വിവാഹത്തിന് സഹായം ചെയ്തോ മതംമാറ്റിയാല്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഇത്തരം സംഭവങ്ങളില്‍ മതംമാറുന്നത് പ്രായം തികയാത്തവരോ സ്ത്രീകളോ, ദളിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരോ ആണെങ്കില്‍ ശിക്ഷ നാലു മുതല്‍ ഏഴു വര്‍ഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഈ നിയമം ലംഘിക്കുന്നത് ഏതെങ്കിലും സംഘടനകളാണെങ്കില്‍ നേതൃത്വം നല്കുന്ന വ്യക്തിക്ക് മൂന്ന് മുതല്‍ 10 വര്ഷരെ തടവുമാണ് ശിക്ഷ.
തീവ്രഹിന്ദുത്വവാദികള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാജ ലവ് ജിഹാദ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നിയമം. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് ഫെബ്രുവരിയില്‍ ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരുന്നു.