ലണ്ടന്‍- വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്ത് പതിനാലുകാരിയെ പീഡിപ്പിക്കാനെത്തിയ യുവാവ് പെട്ടത് പോലീസൊരുക്കിയ കെണിയില്‍. സാമൂഹിക മാധ്യമങ്ങള്‍ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നവരെ പൊക്കാന്‍ ബ്രിട്ടനിലെ പോലീസ് സാധാ ജാഗരൂകരാണ്. ഇത് മറന്നു തെറ്റ് ചെയ്യുന്നവര്‍ കുടുങ്ങുമെന്നതില്‍ സംശയം വേണ്ട. 27കാരനായ ഇന്ത്യക്കാരന്‍ വിദ്യാര്‍ത്ഥി മനീഷ് പട്ടേല്‍ ആണ് സ്വയം കുഴിയില്‍ ചാടിയത്. 14 വയസുള്ള പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ 'വീഴ്ത്തി' ലൈംഗിക ചൂഷണത്തിനായി കാണാനെത്തിയപ്പോഴാണ് ഇത്തരക്കാരെ പൊക്കുന്ന പോലീസ് സംഘത്തിന്റെ പിടിയില്‍ പെട്ടത്. ലണ്ടനിലെ ഗേറ്റ്‌സ്‌ഹെഡ് മെട്രോ സ്‌റ്റേഷനിലേക്ക് തന്റെ ഇരയെ കാണാനായി പോകവെയാണ് പട്ടേലിനെ പിടികൂടുന്നത്.
വാട്‌സ്ആപ്പിലൂടെയാണ് ഒരു കുട്ടിയോടെന്ന് കരുതി മനീഷ് സെക്‌സ് ചാറ്റ് ചെയ്തത്. എന്നാല്‍ ഈ കുട്ടിയുടെ രൂപത്തില്‍ പീഡോഫൈല്‍ ഹണ്ടേഴ്‌സാണ് മറുവശത്ത് ഉണ്ടായിരുന്നത്. ലണ്ടന്‍ ഹാരോവില്‍ താമസിച്ചിരുന്ന പട്ടേലിനെ സ്ഥലത്തെത്തിയ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂകാസില്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കുട്ടിയെ ലൈംഗിക പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും, ഇതിനായി ഗ്രൂമിംഗ് നടത്തിയെന്നും സമ്മതിച്ചു. ഇതോടെ പട്ടേലിന് 28 മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പത്ത് വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും, ലൈംഗിക കുറ്റവാളി പട്ടികയിലും ഇയാള്‍ ഇടംപിടിക്കും. ഇന്ത്യയില്‍ നല്ല രീതിയില്‍ കഴിഞ്ഞ തന്റെ പഠനം നിന്നുപോകുമെന്ന് പറഞ്ഞാണ് ഹണ്ടേഴ്‌സിനോട് പട്ടേല്‍ കാലുപിടിച്ചു കരഞ്ഞത്. ചോദ്യം ചെയ്തതോടെ കരയുന്ന മനീഷ് പട്ടേലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെട്ടതോടെ വേണമെങ്കില്‍ സൗജന്യമായി ജോലി ചെയ്യാമെന്ന് വരെ മനീഷ് ഓഫര്‍ ചെയ്യുന്നുണ്ട്.