ലക്ഷ്യത്തിൽനിന്ന് കണ്ണെടുക്കുമ്പോൾ നിങ്ങൾ കാണേണ്ടിവരുന്ന ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പ്രതിബന്ധങ്ങൾ എന്ന് പറഞ്ഞത് ഹെൻറി ഫോർഡ് എന്ന പ്രസിദ്ധനാണ്.പ്രതിസന്ധികളും പ്രയാസങ്ങളും ഇല്ലാത്ത ജീവിതങ്ങൾ ഉണ്ടാവില്ല.
വലിയ പ്രതിസന്ധികളാണെങ്കിൽ അവ മറികടക്കുമ്പോൾ തത്തുല്യമായ മഹത്വം നമ്മെ തേടിയെത്തുന്നു. നിത്യേന നിരവധി പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്തു മുന്നേറുമ്പോഴാണ് ജീവിതം അക്ഷരാർത്ഥത്തിൽ ജീവിതമാവുന്നത്.
ചിലർ ഇത്തരം പ്രതികൂല സഹചര്യങ്ങളെ വളരെ ബുദ്ധിപൂർവം നേരിട്ട് അവധാനതയോടെ സമീപിച്ചു വലിയ പ്രശ്‌നങ്ങളെ പോലും വളരെ എളുപ്പത്തിൽ പരിഹരിച്ച് മുന്നേറുന്നു.എന്നാൽചിലർ നിസ്സാരമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോഴേക്കുംആത്മവിശ്വാസം നഷ്ടപ്പെട്ട് അസ്വസ്ഥതയുടെ ഗതികിട്ടാ തുരുത്തുകളിലേക്ക് എറിയപ്പെടുന്നു. അടി പതറുന്നു. അകാരണമായഭയം,അനിശ്ചിതത്വം പരിചയക്കുറവ്, മുൻവിധികൾ തുടങ്ങിയവയാണ് അവരെ പലപ്പോഴും പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നേറുന്നതിൽനിന്നും തടയുന്നത്.ഞങ്ങളെ ആരും ഗൗരവമായി എടുക്കുന്നില്ല എന്ന തോന്നലായിരിക്കും മറ്റു ചിലർക്ക്. പ്രായം കൂടിപ്പോയല്ലോ, വേണ്ട പിന്തുണയും വിഭവങ്ങളും ഇല്ലാതെ പോയല്ലോ എന്നതായിരിക്കും വേറെ ചിലരെ അസ്വസ്ഥരാക്കുന്നത്.
നിയമവുംസർക്കാർ നയങ്ങളുമെല്ലാംതങ്ങളുടെ വളർച്ചക്കും പദ്ധതികൾക്കും കടിഞ്ഞാണിടുന്നു എന്ന പരാതിക്കാരാണ് മറ്റു ചിലർ. ചിലരുടെ പ്രതിസന്ധികൾക്കു കാരണം തെറ്റായ ലക്ഷ്യമായിരിക്കും. നിരന്തരം വേട്ടയാടുന്ന ആത്മസന്ദേഹങ്ങളും നെഗറ്റീവ് ചിന്തകളുമായിരിക്കും ചിലർക്ക് മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന ഘടകങ്ങൾ.
എന്തൊക്കെ ആയാലും മനുഷ്യ ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാവുക തന്നെ ചെയ്യും. അത് നിഷേധിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയത്തിലാവട്ടെ, കച്ചവടത്തിലാവട്ടെ, കലയിലും സാഹിത്യത്തിലുമാവട്ടെ പല തിളക്കമാർന്ന വിജയങ്ങളും കൊയ്‌തെടുത്തവർ പലതരംപ്രശ്‌നങ്ങളെയും സർഗാത്മകമായി തന്റേടത്തോടെ പരിഹരിച്ച് മുന്നേറിയവരാണെന്ന് കാണാം. നേടിയെടുക്കാനുള്ള ലക്ഷ്യം കൃത്യമായി മനസ്സിൽ പതിഞ്ഞ് ദൃഢമായി കഴിഞ്ഞാൽ പ്രതിബന്ധങ്ങൾ താനെ ഉരുകി അലിഞ്ഞില്ലാതാവുന്നു എന്ന് പറയാറുണ്ട്. നമ്മെ വേദനിപ്പിക്കുന്നതെല്ലാം നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് എന്ന മഹദ്‌വാക്യവുംഇത്തരുണത്തിൽ സ്മരണീയമാണ്.
പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ മൂന്നു നിർണായകമായ ഘട്ടങ്ങളുണ്ടെന്ന് ഈ മേഖലയിൽ അന്വേഷണം നടത്തിയവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പ്രശ്‌നങ്ങളെ നാം നോക്കിക്കാണുന്ന രീതിയുംഅവയോട് നാം സ്വീകരിക്കുന്ന സമീപനവുമാണ് അതിൽ ഒന്നാമത്തേത്.
പ്രശ്‌നങ്ങളെ ഊർജസ്വലമായും സർഗാത്മകമായുംലഘു കർമങ്ങൾക്കുള്ളഅവസരങ്ങളാക്കി മാറ്റിയെടുക്കുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. പ്രതിസന്ധികളെയും പരാജയങ്ങളെയും നേരിടാനുള്ള ആത്മനിശ്ചയവും ഉൾക്കരുത്തും വികസിപ്പിച്ചെടുക്കുകയെന്നതാണ് മൂന്നാമത്തെ ഘട്ടം.ചെറുതും വലുതുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം ആ പ്രശ്‌നങ്ങളെ കാണേണ്ട ദിക്കിൽനിന്നു തന്നെയാണോ കാണുന്നത് എന്നു സ്വയം ചോദിക്കണം. ആ വിഷയവുമായി ബന്ധപ്പെട്ട് നാം കാണേണ്ട വസ്തുതകൾ കണ്ട് പരിഗണിച്ച് പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടോ എന്നുകൂടി ആലോചിക്കണം. പ്രശ്‌നങ്ങളെ വൈകാരികമായും ആത്മനിഷ്ഠമായും കാണുകയാണെങ്കിൽ കാഴ്ചയുടെ വളരെ കുറഞ്ഞ പരിധിയിൽ നിന്നേ പ്രശ്‌നങ്ങളെ സമീപിക്കാൻ കഴിയുകയുള്ളൂ. അതാവട്ടെ, പ്രശ്‌ന പരിഹാരത്തിന് തടസ്സവുമായിരിക്കും.
ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചില പ്രത്യേക കഴിവുകളും അച്ചടക്കവും ഉണ്ടായേ മതിയാവൂ. നമ്മുടെ മുൻവിധികളെയും അമിത പ്രതീക്ഷകളെയും ബോധപൂർവം മാറ്റിനിർത്തുക എന്നുള്ളതാണ് ഒരു വഴി. മറ്റുള്ളവർ ഭയപ്പെടുകയും ആവേശം കൊള്ളുകയും ചെയ്യുന്നിടങ്ങളിൽ അതിവൈകാരികത ഉപേക്ഷിച്ച് അക്ഷോഭ്യനായി കാര്യങ്ങളെ സമീപിക്കുകയാണ് വേണ്ടത്. നേരിടുന്ന പ്രശ്‌നത്തെ പരമാവധി സർവതല സ്പർശിയായ തരത്തിൽ പരിഗണിക്കാനും നാം സന്നദ്ധരാവണം.അപ്പോൾ നമ്മുടെ കാഴ്ച കൂടുതൽ വ്യക്തവും വ്യാപ്തിയുള്ളതുമാവും.
ലോകമെമ്പാടുമുള്ള പല മേഖലയിലുമുള്ള വിജയികളുടെ ചരിത്രം പരിശോധിച്ചാൽ അവരൊക്കെയും പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടി കണ്ടു പരിഹരിച്ചതിന് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ പറ്റും. റോക്ക്‌ഫെല്ലർ എന്ന മഹാ ധനികനായ അമേരിക്കൻ ബിസിനസ്മാൻ എങ്ങനെയാണ് അദ്ദേഹത്തിന്റെ സംരംഭത്തിലേക്ക് കൂടുതൽ പേരെ ആകർഷിച്ചത് എന്ന് നമുക്ക് കാണാവുന്നതാണ്. 1857 ലെ വലിയ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യത്തെ വികസിപ്പിച്ചെടുത്തത് ഒരുപാട് സംഘർഷങ്ങളെയും പകർച്ചവ്യാധിയെയും മറികടന്നുകൊണ്ടാണ്. ആ കാലത്തെ അദ്ദേഹം വിശേഷിപ്പിച്ചത് പ്രതികൂലതകളുടെയും സംഘർഷങ്ങളുടെയും വിദ്യാലയ നാളുകൾ എന്നായിരുന്നു. ജീവിതത്തിന്റെ തുടക്ക കാലത്ത് മികച്ച അസ്ഥിവാരമിടാൻ ഏറെ കഷ്ടപ്പെടേണ്ടി വരുന്ന ചെറുപ്പക്കാർ എത്ര അനുഗൃഹീതരാണ് എന്നദ്ദേഹം പറഞ്ഞത് തുടക്ക കാലത്ത് അയാൾ അനുഭവിച്ച കയ്പുറ്റ അനുഭവങ്ങൾ പഠിപ്പിച്ച അമൂല്യമായ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ്. പഠനത്തിലും പരീക്ഷകളിലും തൊഴിൽ അന്വേഷണത്തിലുമെല്ലാം തുടക്ക കാലത്ത് നാം കടന്നു പോകുന്ന പ്രയാസ ഘട്ടങ്ങൾ പിൽക്കാലത്ത് നാം ഓർത്തു സന്തോഷിക്കുന്ന, നമുക്ക് വഴിത്തിരിവാകുന്ന ഒരുപാട് ഉൾക്കാഴ്ചകളും പാഠങ്ങളും നൽകുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല.
ചിലർ പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി മാത്രം കണ്ട് അങ്കലാപ്പിലാവുമ്പോൾചിലർ അതിൽ ഉൾച്ചേർന്നിരിക്കുന്ന അവസരങ്ങൾ കൂടി കണ്ടെത്തുന്നു.അവസരങ്ങൾ ഒളിഞ്ഞിരിക്കുന്ന ഉൾവഴികളായിപ്രശ്‌നങ്ങളെ വായിച്ചു തുടങ്ങിയാൽ അവ ഒരിക്കലും നമ്മെ വീർപ്പുമുട്ടിക്കുകയില്ല. പ്രശ്‌നങ്ങൾ നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുകയും പുതിയ ആശയങ്ങളും ഉൽപന്നങ്ങളും ഉൽപാദിപ്പിക്കാനും പ്രക്രിയകൾ വികസിപ്പിക്കാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നറിയുക.
ജീവിതത്തിലെ അതിതീവ്രമായ പരീക്ഷണങ്ങളെ അനുകൂലതകൾ ആക്കി മാറ്റിയ ഒരുപാട് പേരുടെ കഥ നമുക്കറിയാം. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ടവർ നിരാശക്കും ആത്മനിന്ദക്കും അടിപ്പെടാതെ അവരുടെ ജയിൽവാസത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി രാഷ്ട്രീയ വൈജ്ഞാനിക സാംസ്‌കാരിക സൃഷ്ടികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി വിസ്മയങ്ങൾ തീർത്ത ഒരുപാട് കഥകൾ നാം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രവാചകന്മാർ മുതൽ രാഷ്ട്രീയ നേതാക്കന്മാർ, സാഹിത്യകാരന്മാർ തുടങ്ങിയ ഒരുപാടു പേർ ഉണ്ട്. തങ്ങളുടെ അടങ്ങാത്ത പോരാട്ട വീര്യത്തെയും പ്രതിഭാ വിലാസത്തെയും തളച്ചിടാൻ തടവറകളെ പോലും അവർ അനുവദിച്ചില്ല
എന്ന് കാണാവുന്നതാണ്. വലിയൊരു സാമ്രാജ്യത്തിൽ വാഴാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളെ തന്നെ ഭരിച്ചു തുടങ്ങുക എന്ന മഹത്തായ ആപ്തവാക്യം പകരുന്ന ഉൾക്കാഴ്ച നിസ്സാരമല്ല. നമ്മുടെ വികാരങ്ങളെ കടിഞ്ഞാണിട്ടു ശീലിച്ചു തുടങ്ങുമ്പോഴാണ് പ്രശ്‌ന പരിഹാരത്തിനുള്ള നമ്മുടെ യഥാർത്ഥ ശേഷി പ്രയോഗിക്കാൻ കഴിയുക എന്നർത്ഥം. ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ച അമേരിക്ക ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ബഹിരാകാശ യാത്രികരുടെ ഭയപ്പാട് ഇല്ലാതാക്കാനുള്ള പരിശീലനത്തിനായിരുന്നു. ഏത് ഘട്ടത്തെയും ഭയരഹിതമായി നേരിടാനുള്ള വിദഗ്ധ പരിശീലനം ആവർത്തിച്ചാവർത്തിച്ച് അവർക്ക് നൽകി. ഏത് പ്രതിസന്ധിയും ഏറ്റവും പരിചിതമായ തരത്തിൽ അനായസേന കൈകാര്യം ചെയ്യാവുന്ന തരത്തിൽ അത് മൂലം അവർ സജ്ജരായി. ഇതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പാഠങ്ങളുണ്ട്.
അനാവശ്യമായ വേവലാതികൾ, അതിവൈകാരികത എന്നിവ കൊണ്ടുണ്ടാവുന്ന കെടുതികളും അപകടങ്ങളും ഏറെ വലുതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? പ്രതിസന്ധികൾ നമ്മെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിക്കുമ്പോൾ ശാന്തമായി ആത്മനിയന്ത്രണത്തോടെ പ്രതികരിച്ച് നോക്കൂ. പ്രതിസന്ധികൾ പോലും നമ്മുടെ വളർച്ചക്ക് വേണ്ട പാഠങ്ങൾ തരാൻ വന്നിരിക്കുന്ന പരിചാരകരാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങും. പൂർവാധികം മിടുക്കോടെ പ്രശ്‌നങ്ങളെ പരിഹരിക്കാൻ അപ്പോൾ കഴിയും. അങ്ങനെയുള്ള മാനസികാവസ്ഥക്കാണ് ഗ്രീക്കുകാർ അപാർത്തിയ എന്ന പദം ഉപയോഗിക്കുന്നത്. അപാർതിയയെന്നാൽ യുക്തിരഹിതവും ഭീകരവുമായ വികാരങ്ങളെ അകറ്റിനിർത്തുമ്പോഴുണ്ടാവുന്ന മാനസികാവസ്ഥയാണ്.നിരന്തരമായി പരിശീലിച്ചു കഴിഞ്ഞാൽ നമുക്കും ഈ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാവുന്നതാണ്. അങ്ങനെയാവുമ്പോൾ പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ പ്രശ്‌ന പരിഹാരമെന്നത് തികച്ചും ആസ്വാദ്യകരമായ ഒരു ദൗത്യമായി നാം ഏറ്റെടുത്തു തുടങ്ങും, തീർച്ച.