തിരുവനന്തപുരം- മലയാളികളുടെ സ്വകാര്യ അഹങ്കാരം 'ലാലേട്ടന്‍' ഇന്ന് 62 ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മലയാളികള്‍ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങിയിരുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകള്‍ നേര്‍ന്നു. ലാലേട്ടന് സമ്മാനിക്കാന്‍ നിരവധി മാഷപ്പ് വീഡിയോകളാണ് ആരാധകര്‍ തയ്യാറാക്കിയിരിക്കുന്നത്. 1980 ലെ പ്രതിനായകത്വത്തില്‍ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നില്‍ക്കുന്നത് . അതിനിടയില്‍ പ്രണയത്തിന്റെ,നര്‍മ്മത്തിന്റെ, ശൃംഗാരങ്ങളുടെ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു. ഇപ്പോള്‍ സംവിധാന കലയിലേക്കും പിച്ചവച്ചുകഴിഞ്ഞു ലാലേട്ടന്‍. മലയാളം സിനിമ ആദ്യമായി 100 കോടിയും 150 കോടിയും 200 കോടിയുമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. പുതിയ കാലത്തും പുലിമുരുകനായും, സ്റ്റീഫന്‍ നെടുമ്പള്ളിയായും, ജോര്‍ജുകുട്ടിയായുമെല്ലാം വിസ്മയിപ്പിച്ചു ലാലേട്ടന്‍. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹന്‍ലാലിന്റെ മാനറിസങ്ങളില്‍ യാതൊരു മാറ്റവും കാണാനായില്ല ആരാധകര്‍ക്ക്. നെയ്യാറ്റിന്‍കര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര. പലപ്പോഴും മലയാളികള്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ. പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മാറി മോഹന്‍ലാല്‍.