Sorry, you need to enable JavaScript to visit this website.

പോലീസുകാർ മുഖം തിരിച്ചറിയരുത്; നിരോധനം നീട്ടി ആമസോൺ 

മുഖം തിരിച്ചറിയുന്നതിനുള്ള തങ്ങളുടെ സാങ്കേതിക വിദ്യ പോലീസ് സേന ഉപയോഗിക്കുന്നതിന് ആമസോൺ ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ഫെയ്‌സ് റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ആശങ്കകൾ തുടരുന്ന പശ്ചാത്തലത്തിലാണ് നിരോധനം നീട്ടുന്നതെന്ന് ആമസോൺ അറിയിച്ചു.
തങ്ങളുടെ സാങ്കേതികവിദ്യ പോലീസ് ഉപയോഗിക്കുന്നതിന് ഒരു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തുന്നതായി കഴിഞ്ഞ ജൂണിൽ ടെക് ഭീമൻ പ്രഖ്യാപിച്ചിരുന്നു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വ്യവസ്ഥകളുണ്ടാക്കാൻ കോൺഗ്രസിന് സമയം നൽകാനായിരുന്നു തീരുമാനം. ഇനിയൊരു അറിയപ്പുണ്ടാകുന്നതുവരെ വിലക്ക് നീട്ടുകയാണെന്ന് കമ്പനി അറിയിച്ചു. 


പോലീസിന്റെ ക്രൂരതയ്‌ക്കെതിരായ വ്യാപകമായ പ്രതിഷേധത്തിനിടെയാണ് കഴിഞ്ഞ വർഷം ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ക്രമസമാധാന പാലനത്തിന് ഉപയോഗിക്കരുതെന്ന് ആമസോൺ ആവശ്യപ്പെട്ടത്. മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയിൽ പിഴവുകളുണ്ടെന്ന ആശങ്കകളും ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ച് ആഫ്രിക്കൻ അമേരിക്കക്കാരുടെ സവിശേഷതകൾ വിശകലനം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശം.  


കറുത്തവർക്കെതിരായ വിവേചനത്തിന് മനഃപ്പൂർവം ഫേഷ്യൽ റെക്കഗ് നിഷൻ അൽഗോരിതം ഉപയോഗിച്ചേക്കാമെന്നും പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. അടുത്തിടെ ആമസോൺ റെക്കഗ്‌നിഷൻ സോഫ്റ്റ് വെയർ ലാറ്റിനമേരിക്കക്കാരെയും ആഫ്രോഅമേരിക്കൻസിനെയും വേർതിരിച്ചറിയുന്നതിൽ പരാജയപ്പെട്ടിരുന്നു. 
ആമസോൺ വെബ് സർവീസസ് ക്ലൗഡ് കംപ്യൂട്ടിംഗ് യൂനിറ്റിന്റെ 'റെക്കഗ്‌നിഷൻ' എന്ന പേരിൽ അറിയപ്പെടുന്ന ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയും ഗാർഹിക സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന റിംഗ് നിരീക്ഷണ ക്യാമറകളുമാണ് പോലീസ് ദുരപയോഗിക്കുന്നുവെന്ന ആരോപണം നേരിട്ടത്. അതേസമയം പോലീസ് ഈ സംവിധാനങ്ങൾ എത്രത്തോളം ഉപയോഗിച്ചുവെന്ന് വ്യക്തമല്ല.


ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും നൈതികത ഉറപ്പാക്കുന്നതിനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആമസോൺ കഴിഞ്ഞ വർഷം സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
മൈക്രോസോഫ്റ്റും ഐ.ബി.എമ്മും ഇതിനു പിന്നാലെ സമാന പ്രഖ്യാപനങ്ങൾ നടത്തി.
ആമസോണിന്റെ റെക്കഗ്‌നിഷൻ സംവിധാനത്തിന്റെ വിൽപന പൂർണമായും അവസാനിപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. ഈ സംവിധാനം റദ്ദാക്കാനുള്ള പ്രതിബദ്ധത കമ്പനി കാണിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.  


ആമസോൺ പോലുള്ള കോർപറേറ്ററുകളെ താൽപര്യപ്രകാരമുള്ള  ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ വളരെ അപകടകരമാണെന്ന കൂട്ടായ്മയിലെ ഫൈറ്റ് ഫോർ ദി ഫ്യൂച്ചർ ആക്ടിവിസ്റ്റ് ഗ്രൂപ്പിലെ ഇവാൻ ഗ്രീർ പറഞ്ഞു.
ഭാവനാസൃഷ്ടി മാത്രമായിരുന്നു ഒരുകാലത്ത് ബയോമെട്രിക് സെക്യൂരിറ്റി സിസ്റ്റം. അതായത് ശാരീരിക സവിശേഷതകളെ വിശകലനം ചെയ്ത് വ്യക്തിയെ തിരിച്ചറിയുന്ന സുരക്ഷാ സാങ്കേതിക വിദ്യ. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പെട്ടെന്നുള്ള വളർച്ചയിലാണ് ബയോമെട്രിക് റെക്കഗ്‌നിഷൻ യാഥാർഥ്യമായത്. അറ്റ്‌ലാന്റയിലെ ഹാർട്‌സ് ഫീൽഡ് ജാക്‌സൺ എയർപോർട്ടായിരുന്നു യു.എസിൽ ആദ്യമായി ബയോമെട്രിക് റെക്കഗ്‌നിഷൻ പ്രാവർത്തികമാക്കിയ വിമാനത്താവളം. ഒരു സുപ്രഭാതത്തിൽ യാത്രക്കാരെ തിരിച്ചറിയൽ രേഖകൾ ഒത്തുനോക്കാതെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. ക്യമാറകൾ യാത്രക്കാരുടെ മുഖം ഒപ്പിയെടുത്ത് വിസയ്ക്കായി സമർപ്പിച്ച അപേക്ഷയുമായി ഒത്തുനോക്കിയാണ് ആളുമാറിയിട്ടില്ലെന്ന് ഉറപ്പാക്കിയത്. 


ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യയിന്മേൽ ഗൗരവതരമായ ഗവേഷണങ്ങൾ ആരംഭിച്ചത് 1960 കളിലാണ്. 
പുരികങ്ങളുടെ അകലം, ചുണ്ടിന്റെ നീളം തുടങ്ങിയ പൊതുസവിശേഷതകളെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യകാലത്ത് ഫേഷ്യൽ റെക്കഗ്‌നിഷൻ. 1970 കളിൽ കൂടുതൽ ആഴത്തിലുള്ള സവിശേഷതകൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ സാങ്കേതികവിദ്യ വികസിച്ചു. 80 കളിലും 90 കളിലും ഓട്ടോമാറ്റിക് ഫേഷ്യൽ റെക്കഗ്‌നിഷൻ സാധ്യമായി. 2010 ന് ശേഷമാണ് ഈ സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായത്. 


സമൂഹമാധ്യമങ്ങളും ലോ എൻഡ് മൊബൈൽ ഫോണുകളും മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടുതൽ ജനകീയമാക്കി. 
അനേകായിരം ഒബ്ജക്ടുകളിൽനിന്ന് മുഖം എന്ന ഒബ്ജക്ടിനെ വേർതിരിച്ചെടുക്കാൻ കംപ്യൂട്ടറിനെ പ്രാപ്തമാക്കുക എന്നതാണ് ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സാങ്കേതിക വിദ്യയുടെ ആദ്യപടി. ഇതിനുള്ള അൽഗൊരിതങ്ങൾ അഥവാ ഡീപ് ന്യൂറൽ നെറ്റ്‌വർക്കുകൾ കാര്യക്ഷമമാക്കുന്നതിന് ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള അനേകം മുഖചിത്രങ്ങളെ കമ്പനികൾ ഉപയോഗപ്പെടുത്തുന്നു. 
ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ആപ്പിൾ തുടങ്ങി ഇന്റർനെറ്റ് ലോകത്തെ ഭീമന്മാരുടെ കൈവശം ഫെഷ്യൽ റെക്കഗ്‌നിഷന്റെ വമ്പൻ ഡേറ്റാബേസുണ്ട്. 
യു.എസ്. നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആന്റ് ടെക്‌നോളജിയുടെ പഠനമനുസരിച്ച് ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യയുടെ കൃത്യത 20 മടങ്ങാണ് വർധിച്ചത്. തെറ്റു സംഭവിക്കാനുള്ള സാധ്യത നാല് ശതമാനത്തിൽനിന്ന് 0.2 ശതമാനത്തിലേക്ക് താഴ്ന്നു.  


ആകുലതകൾ
ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി വ്യാപകമായി ഉപയോഗിക്കുന്നതിൽ യു.എസ്, റഷ്യ, ചൈന, ജപ്പാൻ, ഇസ്രായിൽ എന്നിവയും യൂറോപ്യൻ രാജ്യങ്ങളുമാണ് മുൻപന്തിയിൽ. ഇന്റർനെറ്റ് അധിഷ്ഠിത വിവരസാങ്കേതിക വിദ്യയുമായി എപ്പോഴും ഉയരുന്ന സ്വകാര്യതാ ആകുലതകൾ ഇക്കാര്യത്തിലും കുറവല്ല. ജനാധിപത്യ രാജ്യങ്ങളിൽപോലും പൗരന്റെ അനുവാദമില്ലാതെ തത്സമയം മുഖം ഒപ്പിയെടുത്ത് പരിശോധിക്കുന്ന ക്യാമറകൾ ഔദ്യോഗികവും അനൗദ്യോഗികവുമായി പ്രവർത്തിക്കുകയാണ്.  

 

Latest News