ചെങ്ങന്നൂര്‍- രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരടക്കം ഒട്ടനവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എല്ലാവരുടെയും ആവശ്യം. നടി മാളവിക മോഹനനും പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് മാളവിക മോഹനന്‍ ചോദിക്കുന്നു. 'ഈ മഹാമാരിക്കിടയില്‍ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നു. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്', മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മാളിവക ട്വീറ്റ് ചെയ്തു.
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. അതാകട്ടെ തീര്‍ത്തും അപ്രതീക്ഷിതവും. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സിപിഎമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു.