ചെന്നൈ -മുൻമുഖ്യമന്ത്രി ജയലളിതയുടെ തട്ടകമായിരുന്ന ആർ.കെ നഗറിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ടി.ടി.വി ദികരന്റെ വിജയം അണ്ണാ ഡി.എം.കെ.യിൽ പുതിയ പോരിന് തുടക്കമിട്ടേക്കും. രണ്ടു പതിറ്റാണ്ടുകാലം അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ നിർണ്ണായക പങ്കു വഹിച്ച തന്ത്രശാലിയായ നേതാവായ ദിനകരൻ പാർട്ടിയെ തോൽപ്പിച്ചാണ് നിയമസഭയിലെത്തുന്നത്. ഇത് അണ്ണാ ഡി.എം.കെ നേതാക്കളെ ഞെട്ടിപ്പിക്കുക മാത്രമല്ല പാർട്ടിക്കുള്ളിൽ അനിശ്ചിതത്വത്തിന്റെ വിത്തിടുകയും ചെയ്തു. മുഖ്യമന്ത്രി ഇ പളനി സാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവർക്കൊപ്പം നിന്ന പാർട്ടി അനുയായികളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിനകരന്റെ വിജയം.
നിയമ പോരാട്ടത്തിലൂടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില സ്വന്തമാക്കിയെങ്കിലും മുതിർന്ന നേതാവ് ഇ മധുസൂധനന്റെ തോൽവി പാർട്ടിയെ നയിക്കുന്നവരുടെ കെടുകാര്യസ്ഥതയെ തുറന്നു കാട്ടുന്ന ഫലമായാണ് വിലയിരുത്തപ്പെടുക. 'ദിനകരന് ലഭിച്ച വോട്ടുകളെല്ലാം ഇ.പി.എസ്-ഒ.പി.എസ് സഖ്യത്തോട് വിയോജിപ്പുള്ളവരുടേതാണ്. പാർട്ടിയിലും സർക്കാരിലും മാറ്റം വേണമെന്ന അണികളുടെ ആവശ്യത്തിന് അടിവരയിടുന്നതാണ് ഈ ഫലം,' രാഷ്ട്രീയ നിരീക്ഷകനായ രാമു മണിവണ്ണൻ പറയുന്നു.
ദിനകരനെ അനുകൂലിക്കുകയും പിന്നീട് ഇ.പി.എസ്-ഒപിഎസ് സഖ്യത്തെ അനുകൂലിച്ച് സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്ത് 18 അണ്ണാ ഡി.എം.കെ എം.എൽ.എമാർ വീണ്ടും പക്ഷം മാറുമോ എന്നതാണ് സർക്കാർ നേരിടുന്ന പുതിയ ഭീഷണി. അതിനിടെ വെല്ലൂരിലെ അണ്ണാ ഡി.എം.കെ എം.പി സെങ്കുട്ടുവൻ ദിനകരനെ സന്ദർശിച്ചതും ഊഹാപോഹങ്ങൾക്കിടയാക്കി. കൂടുതൽ പാർട്ടി എം.പിമാരും നേതാക്കളും ദിനകരനെ വരും ദിവസങ്ങളിൽ കാണുമെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ പാർട്ടി നേതാക്കളുടെ പ്രതികരണങ്ങളും സൂക്ഷിച്ചാണ്. ദിനകരനെ പിണക്കുകയോ പ്രീണിപ്പിക്കുകയോ ചെയ്യാതെയാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ. എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നായിരുന്നു സഹകരണ മന്ത്രി കെ രാജുവിന്റെ പ്രതികരണം. ആർ.കെ നഗർ അണ്ണാ ഡി.എം.കെയുടെ ഉരുക്കുകോട്ടയാണ്, ഡി.എം.കെയ്ക്ക് അവിടെ ജയിക്കാനാവില്ലെന്ന ലോകസഭാ ഡെപ്യൂട്ടി സ്പീക്കറായ പാർട്ടി എം.പി എം. തമ്പി ദുരൈയുടെ പ്രസ്താവനയിൽ ദിനകരനെ പാർട്ടിക്ക് പുറത്തു നിർത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആർ കെ നഗറിലെ ഫലം ജനങ്ങളുടെ വികാരത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്നു മാത്രമാണ് ഇ.പി.എസ്-ഒ.പി.എസ് നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രതികരണം.