കൊല്‍ക്കത്ത- 2016ലെ നാരദ കോഴ കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും സിബിഐ കക്ഷി ചേർത്തു. കേസ് പശ്ചിമ ബംഗാളിനു പുറത്തേക്ക് മാറ്റാന്‍ അനുമതി തേടി കല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ മമതയേയും മന്ത്രി മൊലോയ് ഘടക്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി എന്നിവരേയും കക്ഷി ചേര്‍ത്തത്.
2016ല്‍ നാരദ ന്യൂസ് എന്ന പോര്‍ട്ടല്‍ നടത്തിയ ഒളികാമറ ഓപറേഷനിലാണ് തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങി കുരുക്കിലായത്. ആരോപണ വിധേയരായ രണ്ടു മന്ത്രിമാരേയും ഒരു എംഎല്‍എയേയും കഴിഞ്ഞ ദിവസം സിബിഐ നാടകീയമായി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ഒളികാമറയില്‍ കോഴവാങ്ങിക്കുടുങ്ങിയ മുന്‍ തൃണമൂല്‍ നേതാക്കളും ഇപ്പോള്‍ ബിജെപി നേതാക്കളുമായ മുകുള്‍ റോയി, സുവേന്ദു അധികാരി എന്നിവര്‍ക്കെതിരെ സിബിഐ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.