ആലപ്പുഴ- കരിയറില്‍ ഒരു കണക്കു കൂട്ടലും നടത്താത്ത ആളാണ് താനെന്ന് യുവനായിക നമിത പ്രമോദ്. പത്തുവര്‍ഷമായെങ്കിലും വളരെ കുറച്ചു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ, എനിക്കു മുന്നിലെത്തുന്നവയില്‍ നല്ലതു മാത്രം നോക്കി ചെയ്യുന്നു. ഇതൊരു ജോലിയാണ്. അതുണ്ടെങ്കിലേ ജീവിക്കാനുള്ള പണം കിട്ടൂ എന്നും അറിയാം. എന്നാലും ഓടി നടന്ന് എല്ലാ സിനിമയിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല.
സിനിമ മാത്രമാണ് കരിയര്‍ എന്നും തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ പഠനം തുടരുന്നു. ഒരിക്കലും പഠനം സിനിമയ്ക്കു വേണ്ടി കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും നമിത അഭിമുഖത്തില്‍ പറഞ്ഞു. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതില്‍ അഭിനയിച്ച നായികമാര്‍ക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നാണ് പൊതുധാരണയെന്നും എന്നാല്‍ രണ്ടുമൂന്ന് സിനിമകള്‍ അടുപ്പിച്ചു പരാജയപ്പെട്ടാല്‍ നായകന്റെ അത്ര ഇല്ലെങ്കിലും തങ്ങളേയും അത് ബാധിക്കാറുണ്ടെന്ന് നമിത പ്രമോദ് വ്യക്തമാക്കി.
'ഇപ്പോഴും നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ വരുമ്പോള്‍ നിര്‍മാതാക്കളെ കിട്ടാന്‍ പ്രയാസമുണ്ട്. അവരേയും കുറ്റം പറയാന്‍ പറ്റില്ല. മുതല്‍ മുടക്കുന്നത് അവരാണല്ലോ. നല്ല കഥകള്‍ വരുമ്പോള്‍ നായികയ്ക്കാണ് പ്രധാന്യം എന്ന കാരണം കൊണ്ട് നടക്കാതെ പോകുന്നുണ്ട് എന്നത് സത്യം തന്നെയാണ്. തൊണ്ണൂറു ശതമാനം സിനിമയിലും നായകനാണ് സാറ്റ്‌ലൈറ്റ് മൂല്യം.
ഇതുകൊണ്ട് തന്നെ പരാജയങ്ങളുണ്ടായപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഏത് പരാജയത്തിനും വിജയം ഉണ്ട് എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അതിന് സമയം കൊടുക്കണം. എടുത്തു ചാടി തീരുമാനം എടുക്കരുതെന്ന് മാത്രം. അത് കുഴപ്പങ്ങളില്‍ ചാടിക്കും. സമയം കൊടുത്താല്‍ ഇന്നല്ലെങ്കില്‍ നാളെ ഏത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടായിരിക്കും- നമിത പറയുന്നു.
മറ്റുള്ളവര്‍ കരിയര്‍ ബില്‍ഡ് ചെയ്യുന്നത് കാണുമ്പോള്‍ അതുപോലെ ചെയ്യണം എന്ന് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് തോന്നിയിട്ടേ ഇല്ലെന്നായിരുന്നു നമിതയുടെ മറുപടി.ഞാന്‍ എന്താണോ ചെയ്യുന്നത് അതില്‍ ഹാപ്പിയാണ്. ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിക്കാനാണ് അച്ഛനും അമ്മയും പറഞ്ഞു തന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്തു നിന്നാണ് ഞാന്‍ വരുന്നത്. എന്നിട്ടും ഇതുവരെ എത്തിയില്ലേ അത് അനുഗ്രഹമാണ്, നമിത പറയുന്നു.