ഗുരുവായൂര്‍- 'ജാനാ മേരെ ജാനാ' എന്ന ഗാനം ആദ്യം സിനിമയാക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന് ശേഷം നൂറിനെയും റോഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു ചിത്രം ചെയ്യാന്‍ ഇരുന്നതായും എന്നാല്‍ അത് ഉപേക്ഷിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു.
മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാന്‍ ഇരുന്നത്. ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്ന് പറയുകയാണ്. അതിനാല്‍ സിനിമ ഉപേക്ഷിച്ചു എന്ന് ഒമര്‍ ലുലു പ്രതികരിച്ചു.
മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ ആ വൈബ് അങ്ങു പോയി. റോഷന് തന്നെയാണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്. നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചു. എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ല. ആല്‍ബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന 'ജാനാ മേരെ ജാനാ' എന്ന ഗാനം ജുമാനയെ കേള്‍പ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ റോഷനും നൂറിനും ആയിരുന്നു ജോഡി. എന്നാല്‍ സഹ നടിയായി വന്ന പ്രിയയ്ക്ക് ഒരു കണ്ണിറുക്കലിലൂടെ ലഭിച്ച പോപ്പുലാരിറ്റി മൂലം തിരക്കഥ പൊളിച്ചു കൂടുതല്‍ പ്രാധാന്യമുള്ള വേഷം നല്‍കാന്‍ നിര്‍മാതാവടക്കം നിര്‍ബന്ധിച്ചെന്ന് ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു.