കൊല്‍ക്കത്ത- മന്ത്രിമാരായ ഫിര്‍ഹദ് ഹകീം, സുബ്രത മുഖര്‍ജി എന്നിവരുള്‍പ്പെടെ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തിങ്കളാഴ്ച രാവിലെ സിബിഐ നാടകീയമായി അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസില്‍ നേരിട്ടെത്തി. തൃണമൂല്‍ നേതാക്കളെ എത്തിച്ച് പിന്നീട് അറസ്റ്റ് ചെയ്ത സിബിഐ നിസാം പാലസ് ഓഫീസിലാണ് മമത എത്തിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവരെ അറസ്റ്റ് ചെയതതെന്നും തന്നെ കൂടി അറസ്റ്റ് ചെയ്യൂവെന്നും മമത പറഞ്ഞു. സിബിഐ ഓഫീസിനു പുറത്ത് തൃണമൂല്‍ നേതാക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധവുമായി 45 മിനിറ്റോളം സമയം മമത സിബിഐ ഓഫീസില്‍ ചെലവഴിച്ചു.
സിബിഐ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും വേണ്ടിയാണ് ഈ നീക്കം നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഈ അറസ്റ്റുകളില്‍ പ്രതികാര രാഷ്ട്രീയമില്ലെന്ന് ബിജെപിയും പ്രതികരിച്ചു. ബിജെപി ഉയര്‍ത്തിയ വെല്ലുവിളി പാടെതകര്‍ത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരിയ വിജയം നേടിയതിനു പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ പുതിയ നീക്കം.
രണ്ടു മന്ത്രിമാര്‍ക്കും എല്‍എല്‍എ മദന്‍ മിത്രയ്ക്കും പുറമെ മുന്‍ കൊല്‍ക്കത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയേയും അഴിമതിക്കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുകയും തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി വിടുകയും ചെയ്ത നേതാവാണ് സൊവന്‍ ചാറ്റര്‍ജി.
നഗരവികസന മനന്ത്രിയായ ഫിര്‍ഹദ് ഹകീമിനെ നാടകീയമായാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് വീട്ടില്‍ നിന്ന് സിബിഐ സംഘം പിടികൂടിയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധവുമായി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ബിജെപി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേരത്തെ നാരദ കേസില്‍ കുടുങ്ങി പിന്നീട് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയും മുകള്‍ റോയിയുമാണ് ഇതിനു പിന്നിലെന്നും തൃണമൂല്‍ എംപി സൗഗത റോയി പറഞ്ഞു.