'മൃതദേഹം'   സംസ്‌കരിക്കുന്നതിന്  തൊട്ട് മുമ്പ് വൃദ്ധ കണ്ണു തുറന്നു

ബാരമതി, മഹാരാഷ്ട്ര- കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ 'മൃതദേഹം'  സംസ്‌കരിക്കുന്നതിന് തൊട്ട് മുന്‍പ് കണ്ണു തുറന്നു. മഹാരാഷ്ട്രയിലെ ബാരമതിയിലെ മുദലേ ഗ്രാമത്തിലാണ് സംഭവം.  ശകുന്തള ഗൈക്ക്വാദ് എന്ന 76 വയസുകാരിക്കാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ശകുന്തളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാരമതിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ പുറത്ത് കാറില്‍ ഏറെ നേരം തുടര്‍ന്നു. ഇതിനിടയിലാണ് ശകുന്തള അബോധാവസ്ഥയിലായത്. ഇതോടെ ശകുന്തള മരണപ്പെട്ടുവെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയായിരുന്നു.  തുടര്‍ന്ന് ശകുന്തളയുമായി വീട്ടിലേക്ക് കുടുംബം മടങ്ങി. സംസ്‌കാര നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്‌കരിക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് ശകുന്തള കണ്ണ് തുറന്നത്, പിന്നാലെ അവര്‍ ഉറക്കെ കരയുകയായിരുന്നു. ഞെട്ടി തരിച്ച ബന്ധുക്കള്‍ ഉടന്‍ തന്നെ ശകുന്തളയെ ആശുപത്രിയില്‍ എത്തിച്ചു.


 

Latest News