ന്യൂദൽഹി- കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധയായ മ്യൂക്കർമൈക്കോസിസ് വരാനുള്ള പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കർശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സർക്കാരിന്റെ പ്രതിദിന കോവിഡ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മ്യൂക്കർമൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവർക്കു സ്റ്റിറോയ്ഡുകൾ നൽകുകയും ചെയ്താൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാൻ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്.മ്യൂക്കർമൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്ന് ഗുലേറിയ പറഞ്ഞു.
കോവിഡ് കേസുകൾ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടർ ചൂണ്ടിക്കാട്ടി.