ഇസ്ലാമാബാദ് -വിദേശത്തുനിന്ന് വരുന്ന കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണം പിടിക്കുന്ന നായ്ക്കളെ ഏര്‍പ്പെടുത്തി.
ഈദ് അവധിക്കാലത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ നായ്ക്കളെ വിന്യസിക്കാന്‍ അനുമതി നല്‍കിയിരുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് അഞ്ച് ദിവസം മുമ്പ് നായ്ക്കള്‍ക്ക് മനുഷ്യരിലെ കൊറോണ വൈറസ് കണ്ടെത്താനാകുമെന്ന് ഹെല്‍സിങ്കി സര്‍വകലാശാലയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിതരല്ലെന്ന് കാണിക്കുന്നതിന് നിരവധി വ്യാജ റിപ്പോര്‍ട്ടുകള്‍ യാത്രക്കാര്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ ഈ തീരുമാനമെടുത്തത്. വ്യാജ റിപ്പോര്‍ട്ട് ഹാജരാക്കിയവര്‍ക്ക് പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.
കോവിഡ് ബാധിച്ച ആളുകളെ കണ്ടെത്താന്‍ സ്‌നിഫര്‍ നായ്ക്കള്‍ക്ക് കഴിയുമോയെന്നറിയാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗവേഷകര്‍ പരിശീലന ട്രയല്‍ ആരംഭിച്ചതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പരിശീലനം ലഭിച്ച സ്‌നിഫര്‍ നായ്ക്കള്‍ക്ക് കോവിഡ് അണുബാധയുള്ളവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം മന്ദഗതിയിലാക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന സ്‌ക്രീനിംഗ് രീതികളേക്കാള്‍ ചെലവ് കുറഞ്ഞതും താരതമ്യേന ലളിതവും സൗ ഹാര്‍ദ്ദപരവുമായ ബദലാണ് സ്‌നിഫര്‍ നായ്ക്കളെന്ന് ജനീവ യൂനിവേഴ്‌സറ്റി ഹോസ്പിറ്റല്‍ പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഫിസിഷ്യന്‍ ഡോ. മാനുവല്‍ ഷിബ്ലര്‍ പറഞ്ഞു.