അങ്കമാലി- രാജീവ് രവിനിവിന്‍ പോളി ചിത്രം തുറമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളില്‍ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.
തുറമുഖത്തില്‍ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്. സൂര്യ ടി.വിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണ് 'തുറമുഖം'.