Sorry, you need to enable JavaScript to visit this website.

ബിരിയാണിയിലെ രംഗങ്ങള്‍ സെക്‌സ് വീഡിയോ  ആയി പ്രചരിപ്പിക്കുന്നുവെന്ന് നടന്‍ 

തോന്നക്കല്‍-സജിന്‍ ബാബുവിന്റെ സംവിധാനത്തിലെത്തി, ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'ബിരിയാണി' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ആയത് അടുത്തിടെയാണ്. എന്നാല്‍ ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുകയാണെന്ന് പറയുകയാണ് ചിത്രത്തില്‍ കനിയുടെ ഭര്‍ത്താവായി വേഷമിട്ട തോന്നക്കല്‍ ജയചന്ദ്രന്‍.നാസര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയചന്ദ്രന്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
'ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ്. ചെയ്തത്. എന്നാല്‍ ചിത്രം ഒ.ടി.ടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു. ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്, -ജയചന്ദ്രന്‍ പറയുന്നു.താമസിക്കുന്നത് ഒരു നാട്ടിന്‍പുറത്താണെന്നും പലരും കരുതിയിരിക്കുന്നത് താന്‍ എന്തോ കെണിയില്‍ പെട്ടു എന്നാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.
'ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. ഞാന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്,' ജയചന്ദ്രന്‍ പറഞ്ഞു.സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് ജയചന്ദ്രന്‍. കോമഡി റിയാലിറ്റി ഷോകളിലൂടെ അഭിനയ രംഗത്തേക്കെത്തിയ ഇദ്ദേഹം അഞ്ചോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയെ സിനിമയായി കാണാത്ത ചില വിഭാഗക്കാരുടെ പ്രവൃത്തിയാണിതെന്നാണ് സംവിധായകന്‍ സജിന്‍ ബാബു പ്രതികരിച്ചത്. പൈറസി എന്ന കുറ്റത്തെ തടയാന്‍ നിയമസംവിധാനത്തിന് കഴിയാത്തതിന്റെ പ്രശ്‌നങ്ങളാണ് ഇതെല്ലാമെന്നും സജിന്‍ ബാബു പറഞ്ഞു.കേവ് എന്ന ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് ചിത്രം അടുത്തിടെ റിലീസ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയ്ക്കു മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശ ബഹുമതി ബിരിയാണിക്കായിരുന്നു ലഭിച്ചത്. ഇതിന് പുറമെ ദേശീയ അവാര്‍ഡില്‍ ചിത്രത്തിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചിരുന്നു.

Latest News