കൊച്ചി- ആതുരസേവനത്തിലും മതം കലർത്തി വിഭാഗീയതയുണ്ടാക്കുന്നവരെ തുറന്നുകാട്ടി ഡോ. നെൽസൺ ജോസഫ്. റെഡ് ക്രോസ് ചിഹ്നം കുരിശിനെ പ്രതിനിധീകരിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നുമായിരുന്നു മുസ്്‌ലിം പ്രബോധകന്റെ വാദം. ഇതിന് പുറമെ, മുസ്ലിം സ്ത്രീകളെ മുസ്ലിം ഡോക്ടർമാർ തന്നെ ചികിത്സിക്കണമെന്നും പ്രബോധകൻ വാദിക്കുന്നു. ഡോ. നെൽസൺ ജോസഫിന്റെ പോസ്റ്റിന്റെ പൂർണരൂപം:
1. ' റെഡ് ക്രോസ് സിംബൽ അനിസ്ലാമികം '
ലോകമെങ്ങും വ്യാപകമായി യുദ്ധസമയങ്ങളിൽ സഹായം നൽകുന്ന മെഡിക്കൽ പ്രഫഷണലുകളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സിംബലാണ് റെഡ് ക്രോസ്. അത്രമേൽ പോപ്പുലറല്ലെങ്കിൽ പോലും മറ്റ് രണ്ട് സിംബലുകൾ കൂടി ഇതേ കാരണത്തിനുണ്ട്. ' റെഡ് ക്രസന്റ് ' 'റെഡ് ക്രിസ്റ്റൽ ' എന്നിവ.
ഇതിൽ റെഡ് ക്രസന്റ് എന്ന സിംബൽ (ചന്ദ്രക്കല) ഈ വാർത്തയിൽ പറയുന്ന അതേ പ്രശ്‌നം മൂലമുണ്ടായതാണ്. ടർക്കി റഷ്യ യുദ്ധസമയത്ത് റെഡ് ക്രോസിന്റെ കുരിശ് ചിഹ്നം മുസ്ലിം സൈനികർക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണതുണ്ടായത്. സ്വിറ്റ്‌സർലൻഡിന്റെ പതാകയിലെ നിറങ്ങൾ തിരിച്ചിട്ടാണ് റെഡ് ക്രോസ് ചിഹ്നമുണ്ടായതെന്ന് പറയുന്നതുപോലെ ഓട്ടോമൻ തുർക്കികളുടെ പതാകയിൽ നിന്നാണ് റെഡ് ക്രസന്റ് വന്നതെന്ന് പറയുന്നുണ്ട്.
ഏത് ചിഹ്നം ഉപയോഗിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമല്ല. പക്ഷേ മനപ്പൂർവം വർഗീയത കലർത്താൻ ശ്രമിക്കുന്നതൊരു പ്രശ്‌നമാണ്. കുരിശ് വരുന്ന എല്ലാം പ്രശ്‌നമാണെങ്കിൽ പണ്ഡിതൻ അടുത്തതായി കണ്ടു പിടിക്കേണ്ടത് അധികച്ചിഹ്നം (+) വരുന്നിടത്ത് ഉപയോഗിക്കാൻ ഒരു ഇസ്ലാമിക ചിഹ്നം കണ്ടുപിടിക്കാനാണ് :/
2. ' മുസ്ലീം സ്ത്രീയ്ക്ക് മുസ്ലീം ഡോക്ടർ '
സിമ്പിൾ ക്വസ്റ്റ്യൻ. പണ്ടിറ്റ് മുങ്ങിച്ചാകാൻ പോകുന്നെന്ന് വിചാരിക്കുക. അപ്പൊ ' എന്നെ ഒരു മുസ്ലീം രക്ഷിക്കണേ ' എന്നാണോ ' അയ്യോ ആരെങ്കിലും ഓടിവരണേ ' എന്നാണോ വായിൽ വെള്ളം കേറിക്കൊണ്ടിരിക്കുന്ന ആ ചെറ്യ വിൻഡോയിൽ വിളിച്ചുകൂവുന്നത്...അല്ല, ചേട്ടൻ ചിലപ്പൊ ആദ്യത്തേതുപോലെ ചെയ്‌തെന്നിരിക്കും. പക്ഷേ സാധാരണക്കാര് ജീവൻ രക്ഷിക്കാനേ നോക്കൂ.. ഉത്തരമായെന്ന് വിചാരിക്കുന്നു..
3. ' തൊടാതെ പരിശോധിക്കണം '
സോറീട്ടാ. ഹിസ്റ്ററി എടുത്ത് കഴിഞ്ഞാപ്പിന്നെ ' ഇൻസ്‌പെക്ഷൻ ' എന്നറിയപ്പെടുന്ന നിരീക്ഷണം. ' പാല്‌പേഷൻ ' എന്നറിയപെടുന്ന തൊട്ടുള്ള പരിശോധന, ' പെർകഷൻ ' എന്നറിയപ്പെടുന്ന കൊട്ടലും തട്ടലും.. ' ഓസ്‌കൾട്ടേഷൻ ' എന്നറിയപ്പെടുക്ക കൊഴല് വച്ചുള്ള പരിശോധന. ഇത്രയും സംഗതികൾ കൃത്യമായ രോഗനിർണയത്തിന് അടിസ്ഥാനപരമായി അത്യാവശ്യമായ ഒന്നാണ്.
അതിനായാണ് ഡോക്ടർ രോഗിയെ തൊടുന്നത്. അല്ലാതെ 'ഭയപ്പെടവേണ്ട സെമ്പകം...പക്കത്തിലേ വാ ' എന്ന ലൈനിലല്ല. എല്ലാ സ്പർശനങ്ങൾക്കും ലൈംഗിക ചുവ നൽകിയാൽ മുല കുടിക്കുന്ന കുഞ്ഞിനെ വരെ പീഢകനെന്ന് വിളിക്കാല്ലോ പണ്ഡിതാ..
4. ' സ്ത്രീയോ പുരുഷനോ മുറിയിൽ ഒറ്റയ്ക്കായാൽ മൂന്നാമനായി പിശാച് '
ബലേ ഭേഷ്.. ബൈ ദ ബൈ, സ്ത്രീകളെ പരിശോധിക്കുമ്പൊ സ്ത്രീ അസിസ്റ്റന്റുമാരെ മിക്ക ഡോക്ടർമാരും നിർത്താറുണ്ട് ( ഇനി നിർത്താത്തവരോട് നിർത്തിട്ടുടങ്ങുക. ആവശ്യം നമ്മുടേതാണ്). അത് പിശാച് വരുമെന്ന് വിചാരിച്ചിട്ടൊന്നുമല്ല. ഡോക്ടറുടെ സേഫ്റ്റിക്കായാണ്. തികച്ചും നിയമപരമായ കാരണങ്ങളാൽ പിന്തുടരുന്നു. അതുകൊണ്ട് ആ വാചകം വെട്ടിയേക്കൂ.
5. ' പരിശോധിക്കുന്ന സമയത്ത് സ്ത്രീകളോട് സംസാരിക്കരുത് '
ആംഗ്യം കാണിക്കാം...
രോഗവിവരം ചോദിക്കുന്നത് മാത്രമല്ല, രോഗത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഡോക്ടറോട് തുറന്നുപറയാനുള്ള ആത്മബന്ധം റാപ്പോ സൃഷ്ടിക്കുന്നതിനും സംഭാഷണത്തിനും ശരീരഭാഷയ്ക്കും പ്രാധാന്യമുണ്ട്. അതിനെക്കുറിച്ചൊന്നും അറിയില്ല എന്ന് വളരെ വ്യക്തമായി അറിവില്ലായ്മ പരസ്യമാക്കിയ സ്ഥിതിക്ക് മൗനം പാലിക്കുന്നതല്ലേ പണ്ഡിതാ ഉചിതം?
വേദന അനുഭവിക്കുന്നവരുടെ വേദന മാറ്റുന്നത് തടയുന്നതാണ് ശിർക്ക്..
അടുത്ത് വരുന്ന ആവശ്യക്കാരനെ ജാതിയോ മതമോ ഭാഷയോ കുറ്റവാളിയെന്നോ നിരപരാധിയെന്നോ തീവ്രവാദിയെന്നോ ഏകാധിപതിയെന്നോ നീതിമാനെന്നോ നീതിരഹിതനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ നോക്കാതെ ആശ്വാസം നൽകാൻ ശ്രമിക്കുന്ന അവശേഷിക്കുന്ന ഏതാനും പ്രഫഷനുകളിലൊന്നാണ് മെഡിക്കൽ പ്രഫഷൻ.
ദയവ് ചെയ്ത് ഇതിലേക്ക് വിഷം കലക്കാൻ ഇറങ്ങരുത്.
ഇത്തരം പരാമർശങ്ങൾ വിവാദമുണ്ടാക്കി ബിസിനസ് വർദ്ധിപ്പിക്കാനാണെന്ന കൃത്യമായ നിരീക്ഷണം നടത്തിയ ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സലിം ഹാജിയുടെ പരാമർശം തികച്ചും സ്വാഗതാർഹമാണ്.