ചെന്നൈ- രണ്ടു വര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കിയ ഏഴു വയസുകാരന് സൈക്കിള്‍ വാങ്ങി നല്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്.
'സൈക്കിള്‍ വാങ്ങി തന്നതിന് നന്ദി...' ഹരീഷ് വര്മന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. 'ജാഗ്രതയോടെ ഓടിക്കണം. കൊറോണയാണ്, പുറത്തൊന്നും പോയി സൈക്കിള്‍ ചവിട്ടരുത്..'
ഏതു നിറത്തിലുള്ള സൈക്കിള്‍ വേണമെന്ന് ചോദിച്ചറിഞ്ഞശേഷമാണ് മുഖ്യമന്ത്രിയുടെ സമ്മാനം വീട്ടിലെത്തിയത്. കൂട്ടിവച്ച പണം എണ്ണിയപ്പോള്‍ ആയിരം രൂപയോളമാണ് കുടുക്കയില്‍ ഉണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രിക്ക് നല്കി ഹരീഷ് വര്മന് കോവിഡ് പോരാട്ടത്തിന് തന്റെ പിന്തുണ അറിയിച്ചു. ഒപ്പം ഈ ചെറിയ തുക സ്വീകരിക്കണമെന്ന് അപേക്ഷിച്ച് ഒരു കത്തും നല്കി. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി തമിഴ്നാടിന് തന്നെ മാതൃകയാകുന്ന ബാലന് സമ്മാനമായി സൈക്കിള്‍ തന്നെ വാങ്ങി നല്കാന് തീരുമാനിച്ചു.
ഞായറാഴ്ച മധുര നോര്‍ത്ത് എംഎല്‍എ കെ.ദളപതിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹരീഷിന്റെ വീട്ടില്‍ സൈക്കിള്‍ എത്തിച്ചത്. ഈ സമയം ഫോണില്‍ വിളിച്ച സ്റ്റാലിന് കുട്ടിയോട് സംസാരിച്ചു. സൈക്കിളില്‍ പുറത്തുകറങ്ങരുതെന്നും നന്നായി പഠിക്കണമെന്നും തുക നല്കാന് കാണിച്ച തീരുമാനത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.