ന്യൂദല്‍ഹി- ഇന്ത്യ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും സഹായിക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവരണമെന്നും പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ എം.ആര്‍. രംഗസ്വാമി അഭ്യര്‍ഥിച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇന്ത്യയിലെ നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും പിന്തുണക്കുന്നുവെന്ന് ഉറപ്പാക്കണം- ഇന്ത്യാസ്‌പോറ സ്ഥാപകനായ രംഗസ്വാമി പറഞ്ഞു.
കൊറോണ വൈറസിന്റെ അഭൂതപൂര്‍വമായ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വാക്‌സിനുകള്‍, ഓക്‌സിജന്‍, മരുന്ന്, കിടക്കകള്‍ എന്നിവയുടെ അഭാവത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ പ്രതിസന്ധിയിലാണ്.എല്ലാവരും കൂടുതല്‍ ചെയ്യേണ്ട സമയമാണിതെന്ന് കോവിഡ് ബാധിച്ച് ചെന്നൈയില്‍ സഹോദരിയെ നഷ്ടപ്പെട്ട രംഗസ്വാമി പറഞ്ഞു.
യുഎസില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവാസി സമൂഹത്തിന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്ര ഫണ്ടുകളും വിഭവങ്ങളും ശേഖരിക്കുന്നതിനായി താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള സംരംഭകനായ രംഗസ്വാമി പറഞ്ഞു.