ന്യൂദല്‍ഹി- സംസ്ഥാന സര്‍ക്കാരുകളുടേയും പൊതുജനത്തിന്റേയും കോടതിയുടേയും വിമര്‍ശനത്തിനിടയാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം. വാക്‌സിന് വ്യത്യസ്ത വിലയിട്ടതും, വാക്‌സിന്‍ ക്ഷാമവും വിതരണത്തിലെ മന്ദഗതിയും നേരത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച രാത്രി കേന്ദ്രം പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പ്രതികരണവും പ്രതിരോധ തന്ത്രങ്ങളും പൂര്‍ണമായും വിദഗ്ധരും മെഡിക്കല്‍, ശാസ്ത്ര അറിവുകളുടേയും അടിസ്ഥാനത്തിലുള്ളതാണ്. ഇവിടെ കോടതിക്ക് ഇടപെടാനുള്ള സാഹചര്യമില്ല. കോടതിയുടെ ഇടപെടല്‍ അപ്രതീക്ഷിതവും മുന്‍കൂട്ടിക്കാണാന്‍ കഴിയാത്തതുമായി പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും- കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. വാക്‌സിന്‍ വില നിര്‍ണയിച്ചത് യുക്തിപരവും രാജ്യത്തെല്ലായിടത്തും ഒരേ നിരക്കിലുമാണ്. രണ്ട് വാക്‌സിന്‍ കമ്പനികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമാണിതെന്നും കേന്ദ്രം പറയുന്നു. 18-45 പ്രായഗണത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പല സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.
രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വെവ്വേറെ വിലയിട്ടതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചു വരുന്നത്.