Sorry, you need to enable JavaScript to visit this website.

കോവിഡ് വായുവിലൂടെ 6 അടി ദൂരത്തിനപ്പുറവും പടരാം; ജാഗ്രത പാളരുതെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി- ശ്വസന സമയത്ത് പുറത്തെത്തുന്ന വളരെ നേര്‍ത്തതും സൂക്ഷമവുമായ കണികളിലൂടെയാണ് കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് അന്തരീക്ഷവായുവിലൂടെ പ്രധാനമായും പടരുന്നതെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ്. ഒരു മാസം മുമ്പ് പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റും ഈ മുന്നറിയിപ്പ് ന്ല്‍കിയിരുന്നു. കോവിഡ് ബാധിച്ച ഒരാളില്‍ നിന്നും മൂന്ന് മുതല്‍ ആറ് വരെ അടി അകലത്തില്‍ വായുവിലൂടെ വൈറസ് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സിഡിഎസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നു. 6 അകലത്തിനുള്ളില്‍ ഈ സുക്ഷ്മ കണികകളുടെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഈ അകലത്തിനപ്പുറവും വൈറസ് വായുവിലൂടെ പടരാന്‍ സാധ്യതയുണ്ടെന്ന് സിഡിഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പ്രധാനമായും വൈറസ് ബാധിക്കുന്നത് മൂന്ന് വഴികളിലൂടെയാണ്
1. ശ്വസിക്കുന്നതിലൂടെ വൈറസ് ശരീരത്തിലെത്തുന്നു
2. പുറത്തെത്തുന്ന ശ്ലേഷ്മപടലത്തില്‍ അടിഞ്ഞ് കൂടിയ വൈറസ് വഴി
3. വൈറസ് സാന്നിധ്യമുള്ള കൈ ഉപയോഗിച്ച് ശ്ലേഷ്മപടലത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ

ചുമ, സംസാരം, മുക്കൊലിപ്പ്, ശ്വസനം എന്നിവയിലൂടെ പുറത്തെത്തുന്ന സൂക്ഷ്മ ദ്രവങ്ങള്‍ വൈറസ് വഹിക്കുകയും ഇത് അന്തരീക്ഷ വായുവിലൂടെ പടരുകയും ചെയ്യുന്നു. സൂക്ഷ്മമായ ഈ കണികകള്‍ വേഗത്തില്‍ ഉണങ്ങുകയും ഇവയ്ക്ക് മിനിറ്റുകള്‍ തൊട്ട് മണിക്കൂറുകള്‍ വരെ അന്തരീക്ഷത്തില്‍ തുടരാനുള്ള ശേഷിയുണ്ടെന്നും സിഡിഎസ് റിപോര്‍ട്ട് പറയുന്നു. വൈറസ് സ്രോതസ്സില്‍ നിന്നുള്ള അകലം കൂട്ടകയാണ് വൈറസ് പകര്‍ച്ചാ സാധ്യതയെ കുറക്കുന്നത്. ഇത് ആറടി അകലത്തില്‍ കൂടുതലാണെങ്കില്‍ വൈറസ് പടരാനുള്ള സാധ്യത കുറയുമെന്നും സിഡിഎസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News