Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയെപ്പോലെ ഈഗോയുള്ള ഒരാള്‍ വേറെയില്ല- സംവിധായകന്റെ  തുറന്നുപറച്ചില്‍ 

ചെന്നൈ-മമ്മൂട്ടി സാറിനെപ്പോലെ ഈഗോയുള്ള ഒരാള്‍ വേറെയില്ല. എന്നാല്‍ അദ്ദേഹത്തേപ്പോലെ ഒരു നല്ല മനുഷ്യനും വേറെയില്ല  പറയുന്നത് തമിഴിലെ പ്രശസ്ത സംവിധായകന്‍ ആര്‍ കെ ശെല്‍വമണി. തമിഴില്‍ ബ്രഹ്മാണ്ഡ ഹിറ്റുകള്‍ നല്‍കിയ ശെല്‍വമണിയാണ് മമ്മൂട്ടിയുടെ 'മക്കള്‍ ആട്ചി', 'അരസിയല്‍' എന്നീ സിനിമകളുടെ സംവിധായകന്‍. അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് പറയുന്നത് തമിഴകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി സാര്‍ വളരെ ജെനുവിനാണ്. എന്നാല്‍ ഈഗോയിസ്റ്റുമാണ്. മക്കള്‍ ആട്ചി രണ്ടുദിവസം ഞാന്‍ അദ്ദേഹത്തെ വച്ച് ഷൂട്ടുചെയ്തു. മൂന്നാമത്തെ ദിവസം ഞാന്‍ നിര്‍മ്മാതാവിനോട് പറഞ്ഞു  എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. മമ്മൂട്ടിയും നിര്‍മ്മാതാവിനെ വിളിച്ചുപറഞ്ഞു, ഈ സംവിധായകന്റെ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന്. അതിന് ശേഷം എട്ടുമാസം കഴിഞ്ഞാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.
ഇതേ മമ്മൂട്ടി തന്നെയാണ്, പിന്നീടൊരിക്കല്‍, ഞാന്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നല്‍കിയ ഒരു സമയത്ത്, എനിക്ക് പടമില്ലാതെ ഇരിക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി, ഓകെ പറഞ്ഞു.
അഡ്വാന്‍സ് നല്‍കുന്ന കാര്യം പറഞ്ഞപ്പോള്‍ 'വേണ്ട ശെല്‍വമണി, ഇപ്പോള്‍ എനിക്ക് അഡ്വാന്‍സ് നല്‍കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അത് പിന്നീട് വാങ്ങാം' എന്ന് അദ്ദേഹം പറഞ്ഞു. പണം സംബന്ധിച്ച വിഷയത്തില്‍ മമ്മൂട്ടി സാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. അക്കാര്യത്തില്‍ അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. അദ്ദേഹം തന്നെ കേരളത്തില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിജയകുമാറിനെ വിളിച്ച് എനിക്ക് 40 ലക്ഷം രൂപം പണം വാങ്ങിത്തരികയും ചെയ്തു. ഞാന്‍ ചെയ്ത മക്കള്‍ ആട്ചി അവരാണ് വിതരണം ചെയ്തതെങ്കിലും അവരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. ഈ പണം ഇപ്പോള്‍ കൊടുക്കാനും ഇതേപ്പറ്റി നമ്മള്‍ തമ്മില്‍ പിന്നീട് സംസാരിക്കാമെന്നും മമ്മൂട്ടി വിജയകുമാറിനെ വിളിച്ച് പറയുകയായിരുന്നു. ആ പണം വച്ച് പടം തുടങ്ങാനും തന്റെ  ശമ്പളം പടം കഴിഞ്ഞതിന് ശേഷം തന്നാല്‍ മതിയെന്നും മമ്മൂട്ടി സാര്‍ പറഞ്ഞു. എനിക്ക് ഫൈനാന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയാണ് മമ്മൂട്ടി സാര്‍ അങ്ങനെ ചെയ്തത്. ഒരു ഹീറോയും ഇങ്ങനെയൊന്നും ഒരാളെയും സഹായിക്കില്ല - ആര്‍ കെ ശെല്‍വമണി പറയുന്നു.
 

Latest News