മുംബൈ- ഹിന്ദി മൊഴിമാറ്റ പതിപ്പായി യുട്യൂബില്‍ എത്തുന്ന പല മലയാള ചിത്രങ്ങള്‍ക്കും വലിയ പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്. കേരളത്തില്‍ വലിയ ശ്രദ്ധ നേടാതെ പോയ പല ചിത്രങ്ങളും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതികരണം നേടിയിട്ടുണ്ട്.
ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ റൊമാന്റിക് കോമഡി ചിത്രം 'ഒരു അഡാറ് ലവ്' ആണ്. വിസഗാര്‍ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ട 'ഒരു അഡാറ് ലവി'ന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ 2.1 കോടിക്കു മുകളിലാണ്. ഏപ്രില്‍ 29നാണ് യുട്യൂബ് ചാനലില്‍ ചിത്രം എത്തിയത്. ആറു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ ലൈക്കുകളും 23,000ല്‍ ഏറെ കമന്റുകളും ചിത്രം നേടിയിട്ടുണ്ട്. 'ഏക് ധന്‍സു ലവ് സ്‌റ്റോറി' എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. 'ചങ്ക്‌സി'നു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രം കൂടിയായിരുന്നു. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാന്‍ ആയിരുന്നു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി രണ്ടായിരം തിയറ്ററുകളില്‍ 2018 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.