അറബ് രാജ്യങ്ങളുടെ സമ്മര്‍ദം വിജയിച്ചു; ഇന്ത്യയുടെ വോട്ടും യു.എസിനെതിരെ

യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ വിദേശ മന്ത്രി റിയാദ് അല്‍ മാലിക്കി സംസാരിക്കുന്നു.

ന്യൂദല്‍ഹി- ഫലസ്തീന്‍ വിഷയത്തില്‍  പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ഇന്ത്യ യു.എന്‍. പൊതുസഭയില്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്തു. അമേരിക്കന്‍ നീക്കത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യയിലെ അറബ് രാജ്യങ്ങളുടെ നയതന്ത്ര പ്രധിനിധികള്‍ ഉന്നതാധികാരികളെ കണ്ടതിനു പിന്നാലെയാണ് യുഎന്നില്‍ ഫലസ്തീന് അനുകൂലമായ ഇന്ത്യയുടെ വോട്ട്. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
യുഎന്‍ പൊതുസഭയില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ നടപടിയെ എതിര്‍ത്തു ഇന്ത്യ വോട്ടു ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ഒമ്പതു രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ഇന്തയുള്‍പ്പെടെ 128 രാജ്യങ്ങള്‍ യുഎസിനെതിരെ വോട്ടു ചെയ്തിരുന്നു. ഇസായിലും യുഎസുമായുള്ള ബന്ധം നാലുവര്‍ഷത്തിനിടെ ഏറെ മെച്ചപ്പെടുത്തിയ ഇന്ത്യ വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഉറ്റു നോക്കിയിരുന്നു.
ഇസ്രായീല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായില്‍ സന്ദര്‍ശിച്ചപ്പോള്‍ ഫലസ്തീനെ ഒഴിവാക്കിയിരുന്നു. 

Latest News