കൊച്ചി- ബിരിയാണി എന്ന സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ നടി അനുമോള്‍. എന്തിന് ഈ സിനിമയില്‍ നിങ്ങള്‍ അശ്ലീലം കാണുന്നുവെന്നു നടി ചോദിക്കുന്നു. താന്‍ ബിരിയാണി കണ്ടുവെന്നും ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് ആ സിനിമയില്‍ തനിക്ക് കാണാന്‍ സാധിച്ചതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നു. എന്തിന് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡാകുന്നു. ഒരു കലാരൂപമാണ്. ഒരു കലാമൂല്യമുള്ള സിനിമയല്ല. അങ്ങനെ കണ്ടുകൂടെ. എന്തിന് അതില്‍ അശ്ലീലം കാണുന്നു. ഞാന്‍ കണ്ടതാണ് ബിരിയാണി എന്ന സിനിമ. എനിക്ക് അതില്‍ ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് കാണാനായത്. നമുക്ക് എന്തുകൊണ്ടാണ് ആ ഒരു തിരിച്ചറിവ് ഉണ്ടാകാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരം സിനിമകള്‍ കൂടുതല്‍ കൂടുതല്‍ കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കുകയും ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഈ വകതിരിവ് ഉണ്ടാവുകയുള്ളു- അനുമോള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബിരിയാണി എന്ന ചിത്രത്തിനെക്കുറിച്ച് അനുമോള്‍ പങ്കുവെച്ച പോസ്റ്റിന് താഴെ അശ്ലീലമായ കമന്റ് വന്നിരുന്നു. അതിനു ശക്തമായ മറുപടിയും നല്‍കിയിരുന്നു. കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. അത് ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൈയില്‍ പൈസ ഉണ്ടെങ്കില്‍ പോലും നാല് കെട്ടാന്‍ പറ്റില്ലല്ലോ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യമാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. അതിന് താഴെ സ്ത്രീകള്‍ ഒന്നിലേറെ വിവാഹം കഴിച്ചാല്‍ എയ്ഡ്‌സ് വരും, അതാണ് സയന്‍സ് എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ സയന്‍സ് പുരുഷന്മാര്‍ക്ക് ബാധകമല്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു', നടി പറയുന്നു.
ബിരിയാണി എന്ന സിനിമയുടെ കാര്യത്തില്‍ മാത്രമല്ല ഇത്തരം അനുഭവങ്ങള്‍ എന്ന് അനുമോള്‍ പറയുന്നു. 'എനിക്ക് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ വെടിവഴിപാട് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ അതിന്റെ സംവിധായകനും കുടുംബവും തിയേറ്ററില്‍ പടം കാണാന്‍ പോയപ്പോള്‍ മോറല്‍ പോലീസിങ്ങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യര്‍', അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബിരിയാണി കേവ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.