ഇസ്ലാമാബാദ്- വിദേശത്തു ജോലി ചെയ്യുന്ന പാക്കിസ്ഥാനികളുടെ പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അംബാസഡര്‍മാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്.
പ്രവാസികളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ഇംറാന്‍ ഖാന് പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പാക്കിസ്ഥാനികള്‍ നല്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ അംബാസഡര്‍മാര്‍ കൈക്കൊളളണം.
പാക്കിസ്ഥാന് സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി നിരവധി പരാതികളാണ് പ്രവാസികളില്‍നിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര കാര്യാലയങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തേക്ക് വിദേശ നിക്ഷേപമെത്തിക്കുന്നതിലും അംബാസഡര്‍മാര്‍ ശ്രദ്ധിക്കണമണെന്നും ഏത് എംബസിയാണ് കൂടുതല്‍ വിദേശ നിക്ഷേപമെത്തിക്കുന്നത് നിരീക്ഷിക്കുമെന്നും ഇംറാന്‍ ഖാന് കൂട്ടിച്ചേര്‍ത്തു.