മുംബൈ- കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കുട്ടികളുടെ സംരക്ഷണത്തിന് മുന്നോട്ടു വന്ന സോനുവിനെ പിന്തുണച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സോനു സൂദിന്റെ അഭ്യര്‍ഥനയെ പിന്താങ്ങിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയത്. സോനു സൂദ് മുന്നോട്ടുവച്ച ആശയത്തെയും കോവിഡില്‍ പ്രതിസന്ധിയിലായ കുട്ടികള്‍ക്ക് കൈത്താങ്ങാകുന്ന നിര്‍ദേശത്തെ അഭിനന്ദിക്കുന്നതായും പിന്തുണക്കുന്നതായും താരം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രതികരണവുമായി കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരും ജില്ല ഭരണകൂടവും ജാഗ്രതയിലാണ്. ജില്ലയിലെ ശിശുക്ഷേമ സമിതികള്‍ അത്തരം കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു 'ദര്‍ശനാത്മക മനുഷ്യസ്‌നേഹി' എന്ന് ടാഗ് ചെയ്താണ് പ്രിയങ്ക സോനുവിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. 'സോനു ഈ നിര്‍ണായക നിരീക്ഷണം നടത്തിയതില്‍ ഞാനും സ്വാധീനിക്കപ്പെട്ടു. കൂടാതെ. സോനുവിന്റെ ശൈലിയില്‍ അദ്ദേഹം ഈ പ്രശ്‌നത്തിന് പരിഹാര നടപടികള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളോട് സോനു നിര്‍ദേശിച്ചത്. പഠനത്തിന്റെ ഏത് ഘട്ടത്തിലായാലും സ്‌കൂള്‍, കോളജ്, അല്ലെങ്കില്‍ ഉന്നത പഠനത്തിലായാലും അത് നിര്‍ത്താന്‍ സമ്മതിക്കാതെ സാമ്പത്തിക സഹായങ്ങള്‍ നല്‍കണം. ഇല്ലെങ്കില്‍ ധാരാളം കുട്ടികള്‍ക്കുള്ള അവസരം നഷ്ടമാകും- പ്രിയങ്ക വിശദമാക്കി. സര്‍ക്കാര്‍ മാത്രമല്ല ഒരു കുട്ടിയുടെ പഠനച്ചിലവ് വഹിക്കാന്‍ അനുകമ്പ തോന്നുന്ന എല്ലാ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരണമെന്നും താരം അഭ്യര്‍ഥിച്ചു. സോനുവിന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണയ്ക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്നാലാവുന്നത് ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.