മാലെ- മാലിദീപ് പ്രസിഡന്റ് അബ്ദുല്ല യമീനിനെ അനൂകൂലിക്കുന്ന പ്രമുഖ പത്രം ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേയും രൂക്ഷമായ ഭാഷയിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മാലിദീപിലെ ഭാഷയായ ദിവേഹി ദിനപത്രമാണ് ഇന്ത്യയെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നാണ് വിശേഷിപ്പിച്ച് ലേഖനമെഴുതിയത്. പ്രധാനമന്ത്രി മോഡി ഹിന്ദു തീവ്രവാദിയും മുസ്ലിം വിരുദ്ധനുമാണെന്നും പത്രം ആരോപിക്കുന്നു. മാലിദീപിന്റെ പുതിയ മികച്ച മിത്രം ചൈനയാണെന്നും വിശദീകരിക്കുന്നു.
മാലഡിവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി)യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ മുഖപ്രസംഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നു. പ്രസിഡന്റ് യമീനിന്റെ ജിഹ്വയായി അറിയപ്പെടുന്ന പത്രം ലേഖനങ്ങൾ പതിവായി പ്രസിഡന്റിന്റെ ഓഫീസിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. യമീൻ ഭരണകൂടത്തിന്റെ അപകടകരമായ അമിത ഇടപെടലുകളെ ഇന്ത്യ കരുതിയിരിക്കണമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. യമീൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നതായും പത്രം ആരോപിച്ചു. കശ്മീരിൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയും ശ്രീലങ്കയിൽ തമിഴ് തീവ്രവാദികൾക്ക് ആയുധം നൽകുന്നതായും ലേഖനം ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായ പ്രാധാന്യമുള്ള ദീപസമൂഹ രാഷ്ട്രമായ മാലിദീപ് ഇന്ത്യയെ അകറ്റി ചൈനയുമായി കൂടുതൽ അടുക്കുന്ന നിലപാടുകളാണ് ഈയിടെ സ്വീകരിച്ചു പോരുന്നത്. മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു തൊട്ടുപിറകെ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നശീദും യമീനിന്റെ അർദ്ധസഹോദരൻ കൂടിയായ മഅ്മൂൻ അബ്ദുൽ ഗയൂം അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. 'ഇന്ത്യയെ മാലിദീപിന്റെ ശത്രുവായി ചിത്രീകരിക്കുന്ന ലേഖനം അപലപനീയമാണ്. മര്യാദകേടാണിത്. സ്വബോധമുള്ള ഒരു മാലദീപുകാരനും ഇങ്ങനെ ചിന്തിക്കില്ല. ഇന്ത്യ എക്കാലത്തും മാലദീപിന്റെ വിശ്വസ്ത സൗഹൃദരാജ്യമാണ്,' മുൻ പ്രസിഡന്റ് ഖയൂം പറഞ്ഞു.
യമീനിന്റെ വിദേശകാര്യ നയം വീണ്ടുവിചാരമില്ലാത്തതും ഇന്ത്യയുമായുള്ള ബന്ധം തകർക്കുന്നതുമാണ്. ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച് മാലിദീപ് പക്വമായ നിലപാടെടുക്കണമെന്നും മുൻ പ്രസിഡന്റ് നശീദ് പറഞ്ഞു.
പ്രധാനന്ത്രി മോഡി സന്ദർശിക്കാത്ത ഒരേ ഒരു അയൽരാജ്യം മാലിദീപ് മാത്രമാണ്. പ്രധാനമന്ത്രിക്കെതിരായ രൂക്ഷമായ മുഖപ്രസംഗം മാലിയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഞെട്ടിപ്പിച്ചെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആദ്യപരിഗണന ഇന്ത്യയ്ക്കു നൽകുന്ന മാലിദീപിന്റെ പ്രഖ്യാപിത നയത്തെ കുറിച്ച് ഇന്ത്യ കഴിഞ്ഞയാഴ്ച മാലിദീപിനെ ഓർമ്മിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആശങ്കകളെ ഗൗരവത്തിലെടുക്കുന്ന സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മാലിദീപ് പ്രസിഡന്റ് അബ്ദുല്ല യമീൻ ചൈനയുമായി വ്യാപാര കരാർ ഒപ്പിട്ടതാണ് വിഷയം. ഏതാനും ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുമായി അനുമതിയില്ലാതെ ചർച്ച നടത്തി എന്നാരോപിച്ച് മൂന്ന് കൗൺസിലർമാരേ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.