ന്യൂദല്‍ഹി- ആഗോള ഫാര്‍മ ഭീമനായ ഫൈസര്‍ കോവിഡ് ചികിത്സാ സഹായമായി 510 കോടി രൂപയുടെ മരുന്നുകള്‍ സൗജന്യമായി ഇന്ത്യയ്ക്കു നല്‍കുന്നു. ഇന്ത്യയിലെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പ്രകാരമുള്ള മരുന്നുകളാണിതെന്നും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സഹായമാണിതെന്നും ഫൈസര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. ഇന്ത്യയിലെ ഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും കമ്പനി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉണ്ടെന്നും ഫൈസര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ബുര്‍ല പറഞ്ഞു.
യുഎസ്, യുറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഫൈസറിന്റെ വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫൈസര്‍ മരുന്നുകള്‍ എത്രയും വേഗം കയറ്റി അയക്കാന്‍ ലോകത്ത് പലയിടത്തുമുള്ള കമ്പനിയുടെ വിതരണ കേന്ദ്രങ്ങളില്‍ തിരക്കിട്ടുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കു വേണ്ടിയുള്ള സംഭാവനയാണിത്. അവര്‍ക്ക് സൗജന്യമായി ഇതു വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഫൈസര്‍ വാക്‌സിന്‍ എന്ന് ഇന്ത്യയിലെത്തും?
ലോകത്ത് പലരാജ്യങ്ങളിലും ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കി വരുന്ന ഫൈസര്‍ ബയോന്‍ടെക്ക് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ വിതരണാനുമതി ഇപ്പോഴില്ല. മാസങ്ങള്‍ക്കു മുമ്പ് അനുമതി തേടി ഫൈസര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇപ്പോഴും തീരുമാനമാകാതെ തുടരുകയാണ്. ഈ അനുമതി ത്വരിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഫൈസര്‍ മേധാവി അറിയിച്ചു. ലാഭമെടുക്കാത്ത വിലയില്‍ വാക്‌സിന്‍ നല്‍കാന്‍ തയാറാണെന്ന് കഴിഞ്ഞ മാസം ഫൈസര്‍ വ്യക്തമാക്കിയിരുന്നു. ഫൈസര്‍ വാക്‌സിന്‍ എത്രയും വേഗം ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബുര്‍ല പറഞ്ഞു. മഹാമാരി കാലത്ത് തങ്ങളുടെ വാക്‌സിന്‍ സര്‍ക്കാരുകള്‍ക്ക് മാത്രമെ വില്‍ക്കൂവെന്നും സ്വകാര്യ വിപണിയിലിറക്കില്ലെന്നും ഫൈസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.