മുംബൈ- കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ബോളിവുഡ് നടന്‍ രണ്‍ധീര്‍ കപൂറിനെ ഐസിയുവിലേക്ക് മാറ്റി. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് 74 കാരനായ താരം ചികിത്സയിലുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയും പിന്നീട് രണ്‍ധീര്‍ കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതല്‍ പരിശോധനകള്‍ക്കായാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്‍ദീര്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസത്തേക്ക് കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പ്രശസ്ത നടനും ചലച്ചിത്ര സംവിധായകനുമായ രാജ് കപൂറിന്റെ മൂത്ത മകനാണ് രണ്‍ധീര്‍ കപൂര്‍. ബോളിവുഡിലെ പ്രമുഖ നടിമാരായ കരിഷ്മ കപൂറും കരീന കപൂര്‍ ഖാനുമാണ് മക്കള്‍. അനുജനും നടനുമായ ഋഷി കപൂര്‍ (67) കഴിഞ്ഞ ഏപ്രിലില്‍ അന്തരിച്ചു.
നീണ്ട നാളായി കാന്‍സറിനോട് മല്ലിട്ട ശേഷമാണ് ഋഷി കപൂര്‍ മരിച്ചത്. രണ്‍ധീറിന്റെ ഇളയ സഹോദരനും അഭിനേതാവുമായ രാജീവ് കപൂര്‍ (58) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചതും കപൂര്‍ കുടുംബത്തിനെ അതീവ ദുഃഖത്തിലാക്കിയിരുന്നു. കല്‍ ആജ് ഔര്‍ കല്‍, ജീത്, ജവാനി ദിവാനി, ലഫാംഗെ, രാംപൂര്‍ കാ ലക്ഷ്മണ്‍, ഹാത്ത് കി സഫായ് എന്നിവയാണ് രണ്‍ധീര്‍ കപൂറിന്റെ പ്രധാന ചിത്രങ്ങള്‍.