Sorry, you need to enable JavaScript to visit this website.

കൃഷിക്കളത്തിലെ കളിക്കാരികൾ

വിയറ്റ്‌നാമിലെ കൃഷിക്കാരികൾ 2016 ലാണ് ഫുട്‌ബോൾ കളിക്കാനാരംഭിച്ചത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ അവർ താരങ്ങളാണ്. 


വടക്കൻ വിയറ്റ്‌നാമിലെ അട്ടിയട്ടിയായുള്ള നെൽവയലുകളിൽ ദീർഘനാളുകൾ ചെലവിട്ടതിനാൽ അവരുടെ കാലുകൾ വലിയുന്നില്ല, എന്നിട്ടും ഒട്ടനവധി കൃഷിക്കാരികൾ നിറപ്പകിട്ടുള്ള വസ്ത്രവും അരപ്പാവാടയും ഹെഡ്ബാന്റുമൊക്കെയണിഞ്ഞ് മണൽ ഗ്രൗണ്ടിൽ എന്നും ഒത്തുകൂടുന്നു. ചൈനീസ് അതിർത്തിക്ക് 40 കിലോമീറ്ററോളം അകത്തുള്ള മലമ്പ്രദേശത്തെ ഹക് ദോംഗ് സമുദായത്തിലെ ഈ പെൺഫുട്‌ബോൾ പടക്ക് പരിശീലനത്തിനൊന്നും അധികം സമയം കിട്ടാറില്ല. കൊയ്ത്തുകാലമാവുമ്പോൾ മാസങ്ങളോളം അവർ കളിക്കുക പോലുമില്ല. 


സാൻ ചി ആദിവാസി വംശക്കാരായ ഈ പെണ്ണുങ്ങളുടെ ഫുട്‌ബോൾ ഭ്രമം എന്നിട്ടും വലിയ വാർത്തയാണ്. ഫുട്‌ബോൾ ഭ്രമത്തിന് പേരെടുത്ത വിയറ്റ്‌നാമിൽ അത് അവർക്ക് പണവും പ്രശസ്തിയും നേടിക്കൊടുക്കുന്നു. 


2016 ലാണ് അവർ കളിക്കാനാരംഭിച്ചത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ അവർ താരങ്ങളാണ്. വിയറ്റ്‌നാം വനിതാ ഫുട്‌ബോളിലെ ഏക വിജയകഥയൊന്നുമല്ല ഇവർ. വിയറ്റ്‌നാം ദേശീയ ടീം പലതവണ ഈസ്റ്റേഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിട്ടുണ്ട്. 


മലമുകളിലെ മണൽ സ്റ്റേഡിയത്തിൽ നിന്ന് നോക്കിയാൽ നെൽവയലുകളും മുളകളും പന്തലിച്ച താഴ്‌വര കാണാം. കൂട്ടുകാരിയിൽ നിന്ന് പാസ് സ്വീകരിക്കുകയും പോസ്റ്റിലേക്ക് നിറയൊഴിക്കാൻ ശ്രമിക്കുകയും ചെയ്യവെ സ്‌ട്രൈക്കർ മായ് തി കിം എതിരാളിയുമായി കൂട്ടിയിടിച്ചു. മോ തുക് ഗ്രാമത്തിലെ അവരുടെ ടീം അയൽ ഗ്രാമമായ ലുക് എൻഗുവുമായാണ് ഏറ്റുമുട്ടുന്നത്. പരമ്പരാഗത സൂംഗ് കോ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഫുട്‌ബോൾ മത്സരം. കാണികളിലേറെയും കളിക്കാരികളും ഭർത്താക്കന്മാരും കുട്ടികളും ടൂറിസ്റ്റുകളുമാണ്. കൈയടിച്ച് അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 
അഞ്ചു വർഷം മുമ്പ് താനാണ് ഗ്രാമമുഖ്യന്മാരോട് പെണ്ണുങ്ങളെ കളിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചതെന്ന് ഇരുപത്തൊമ്പതുകാരി മായ് തി കിം പറയുന്നു. മായ് തി ടി.വിയിൽ ഫുട്‌ബോൾ കാണാറുണ്ട്.


ഹക് ദോംഗ് സമുദായത്തിൽ രണ്ടു ടീമിലായി 14 കളിക്കാരികളുണ്ട്. കറുത്ത പാവാടയും നീളൻ കൈയുള്ള നീലക്കുപ്പായവും ഹെഡ് ബാന്റുമാണ് അവരുടെ വേഷം. തലമുറകളായി അവരുടെ വേഷവിധാനം കൂടിയാണ് ഇത്. ചെറിയ മാറ്റമേ വരുത്തിയുള്ളൂ -പാവാടയുടെ ഇറക്കം അൽപം കുറച്ചു. കുപ്പായത്തിന്റെ ഇറുക്കം കുറച്ചു. ചിലർ നിറപ്പകിട്ടുള്ള നീളൻ സോക്‌സ് ധരിച്ചു. 
മിഡ്ഫീൽഡർ ലാ തി താവോക്ക് 15 വയസ്സേ ആയിട്ടുള്ളൂ. പരമ്പരാഗത വസ്ത്രത്തെക്കാൾ നിക്കറും ടി ഷർടുമായിരുന്നെങ്കിൽ നന്നായേനേ എന്ന വിശ്വാസക്കാരിയാണ് ലാ തി താവൊ. എങ്കിലും രണ്ടായിരത്തോളം മാത്രം അംഗസംഖ്യയുള്ള തന്റെ സമുദായത്തിന്റെ പരമ്പരാഗത വേഷം ധരിക്കുന്നതിൽ അവർക്കും സന്തോഷമേയുള്ളൂ. ടൂറിസ്റ്റുകൾക്കും മറ്റും തങ്ങളെ തിരിച്ചറിയാൻ ഇത് ഉപകരിക്കുമെന്ന് പതിനഞ്ചുകാരി അഭിപ്രായപ്പെടുന്നു. 

 

നെൽവയലുകളിൽ പണിയെടുത്തും വനങ്ങളിൽ ഏലവും പൈൻ മരങ്ങളുമൊക്കെ നട്ടുമാണ് ഈ സ്ത്രീകൾ ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. 
മലകൾ താണ്ടിയും അരുവികൾ കടന്നും ദിവസവും ഒരുപാട് നാഴിക നടക്കണം. അതിന്റെ കരുത്തുണ്ട് അവർക്ക്. പക്ഷെ ഫുട്‌ബോൾ കളിക്കാൻ വേണ്ട മെയ്‌വഴക്കം മറ്റൊന്നാണ്. ആദ്യമൊക്കെ കളി കഴിഞ്ഞാൽ ശരീരം മുഴുവൻ വേദനയാണ്. കൃഷിപ്പണിയും വീട്ടു ജോലിയും കഴിഞ്ഞ് ആർക്കാണ് പരിശീലനത്തിന് നേരം?. കോച്ച് മായ് എ കാംഗാണ് അവരെ ഫുട്‌ബോൾ കളിക്കാൻ പ്രാപ്തരാക്കിയത്. മസിലുകൾ പാകത്തിലാവാൻ അദ്ദേഹം അവരെ ഓടിപ്പിക്കും. 


ആദ്യമൊക്കെ പ്രയാസമായിരുന്നു. കളി കഴിഞ്ഞ് പെണ്ണുങ്ങൾ ഉപ്പുവെള്ളത്തിലും ആയുർവേദ ചെടികൾ ലയിപ്പിച്ച വെള്ളത്തിലും കാലുകൾ താഴ്ത്തിവെക്കും, വേദന ശമിക്കാൻ. ക്രമേണ അവരുടെ ശരീരം വഴങ്ങി. കാംഗിന് മറ്റുള്ളവരെ പരിശീലിപ്പിക്കാൻ എളുപ്പമായിരുന്നു. എന്നാൽ സ്വന്തം ഭാര്യ ഫുട്‌ബോൾ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം ഞെട്ടി. ഫുട്‌ബോൾ കളിച്ച് ശരീരം കേടായാൽ കൃഷിപ്പണിക്ക് പോകാൻ പറ്റുമോയെന്ന് അദ്ദേഹം ശങ്കിച്ചു. പക്ഷെ പരിശീലനത്തിലൂടെ അവരും ഫുട്‌ബോൾ കളിക്കാനുള്ള പാകത നേടി. സംശയാലുക്കളെ കീഴടക്കിയ ആഹ്ലാദത്തിലാണ് ഇപ്പോൾ വനിതാ ടീം. പലരും ഇപ്പോൾ പെൺമക്കളെ കളിക്കാൻ കൊണ്ടുവരുന്നു. അൽപം പ്രയാസമുണ്ടെങ്കിലും ഫുട്‌ബോൾ കളിക്കുന്നത് ഹരമല്ലേയെന്ന് മായ് തി കിം ചോദിക്കുന്നു. 

 

Latest News