Sorry, you need to enable JavaScript to visit this website.

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് മരണത്തിന് കീഴടങ്ങി

ന്യൂദല്‍ഹി-  വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫേ്‌സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ അന്ത്യം സംഭവിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തരിമായി ഓക്‌സിജന്‍ സിലിണ്ടറും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവന്‍ ജാ ട്വീറ്റ് ചെയ്തിരുന്നു. പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് വിലായത്ത് ഖാന്‍, നിഖില്‍ ബാനര്‍ജി എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര സിത്താര്‍വാദകരില്‍ ഒരാളാണ് ദേബു ചൗധരി. ടാന്‍സന്റെ പിന്‍മുറക്കാര്‍ തുടക്കമിട്ട ജയ്പുര്‍ സെനിയ ഘരാന പിന്തുടരുന്നയാളാണ്. മുഷ്താഖ് അലിയുടെ ശിഷ്യനാണ്. നാലാം വയസിലാണ് സംഗീതപഠനം ആരംഭിച്ചത്. നിരവധി രാഗങ്ങള്‍ ചിട്ടപ്പെടുത്തിയ ദേബു ചൗധരി ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്.

Latest News