ഒടിയൻ എന്ന ചിത്രത്തിനുവേണ്ടി 51 ദിവസം കൊണ്ട് 18 കിലോയാണ് മോഹൻലാൽ കുറച്ചത്. മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിന് വേണ്ടിയായിരുന്നു ഇത്. ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ 30 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം.
മലയാള സിനിമയിൽ ഇതാ ഒരു ന്യൂജെൻ താരം കൂടി ഉദയം ചെയ്തിരിക്കുന്നു. കൊച്ചിയിൽ ഒരു ചടങ്ങിനെത്തിയ ആ താരത്തേക്കണ്ട് ആളുകൾ അമ്പരന്നു. തടി കുറച്ച്, മീശ വടിച്ച് പുതിയ ലുക്കിലും ഭാവത്തിലുമായി സാക്ഷാൽ മോഹൻലാൽ... ന്യൂജെൻ താരങ്ങളെ കടത്തിവെട്ടുന്ന പൊലിമയോടെ. രൂപമാറ്റം കണ്ട് മോഹൻലാലിന്റെ ആരാധകർ ആവേശത്തിലായി.
കഥാപാത്രങ്ങൾക്കായുള്ള രൂപമാറ്റം ഏതൊരു നടനും പ്രയാസമുള്ള കാര്യമാണ്. ഈയൊരു കാരണത്താൽ ചില വേഷങ്ങൾ വേണ്ടെന്നുവെച്ച താരങ്ങളുമുണ്ട്. എന്നാൽ ഈ 57ാം വയസ്സിലും കഥാപാത്രത്തിനായി അത്യധികം കഷ്ടപ്പെട്ട് ശരീരഭാരം കുറച്ച ലാൽ, കംപ്ലീറ്റ് ആക്ടറെന്ന വിശേഷണം അന്വർഥമാക്കുന്നു. മീശയില്ലാതെ കൂളിംഗ് ഗ്ലാസുമായി നീല ടീഷർട്ടിലുള്ള താരത്തിന്റെ ഗംഭീര മേക്ക് ഓവർ വൈറലായിരിക്കുകയാണ്.
വി.എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടിയാണ് മോഹൻലാലിന്റെ ഈ രൂപമാറ്റം. യൗവനവും തിരിച്ചുപിടിച്ച് 30 കാരനെ പോലെയാണ് മോഹൻലാൽ ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
51 ദിവസം കൊണ്ട് 18 കിലോയാണ് മോഹൻലാൽ കുറച്ചത്. ചിത്രത്തിൽ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിന് വേണ്ടിയായിരുന്നു ഇത്. ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ 30 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം. ഹോളിവുഡ് താരങ്ങളെയും, പ്രശസ്ത കായിക താരങ്ങളെയും പരിശീലിപ്പിക്കുന്നവരാണ് ഈ സംഘം.
തടി കുറച്ചത് ശസ്ത്രക്രിയ ആയിരുന്നില്ലെന്നും ശാസ്ത്രീയ പരിശീലനത്തിലൂടെയും വ്യായാമത്തിലൂടെയുമായിരുന്നെന്നാണ് അറിയുന്നത്. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട വ്യായാമം. ഒപ്പം ഭക്ഷണക്രമവും മാറ്റി. പരിശീലനത്തിനിടെ ഒരു ഫോട്ടോ പോലും പുറത്തുപോകാതിരിക്കാൻ അതീവ ജാഗ്രതയാണ് പുലർത്തിയിരുന്നത്.
വരാണസിയിലും പാലക്കാട്ടുമായി ചിത്രീകരണം പുരോഗമിക്കുന്ന ഒടിയനിൽ മോഹൻലാലിന്റെ നായിക മഞ്ജു വാര്യരാണ്. പ്രശസ്ത തമിഴ് നടൻ പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫി. പുലിമുരുകൻ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിൽ പ്രൊഡക്ഷൻ ഡിസൈനും.