Sorry, you need to enable JavaScript to visit this website.

മലപ്പുറം പാസ്‌പോർട്ട് ഓഫീസ് ആറു മാസം കൂടി തുടരും

ന്യൂദൽഹി -മലപ്പുറം റീജനൽ പാസ്‌പോർട്ട് ഓഫിസ് ആറു മാസം കൂടി പ്രവർത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പാസ്‌പോർട്ട് ഓഫീസ് മലപ്പുറത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് എന്നിവർ സുഷമ സ്വരാജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മലപ്പുറത്ത് ഓഫീസ് തുടരേണ്ടതിന്റെ ആവശ്യകത സംഘം മന്ത്രിയെ ബോധിപ്പിച്ചു. 

നവംബറിൽ പൂർണമായും അടച്ചു പൂട്ടിയ ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിച്ചിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾക്കിടെയാണ് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഡിസംബർ 31 വരെ ഓഫീസ് പ്രവർത്തനം തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിലാണ് എം.പിമാരുടെ സംഘം മന്ത്രിയെ കണ്ടത്. ആറു മാസത്തേക്ക് കുടി താൽക്കാലിമായി നിലനിർത്തുമെന്ന ഉറപ്പാണ് ഇപ്പോൾ മന്ത്രി നൽകിയിരിക്കുന്നത്. ശേഷം എന്താകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം മാറിയിട്ടില്ല.
 

Latest News