ചെന്നൈ- കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവായിരിക്കുന്നത്. കേസില്‍ മന്‍സൂര്‍ മുന്നോട്ട് വച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ വ്യവസ്ഥയില്‍ താരത്തിന് അനുവദിച്ചു നല്‍കി. കോവിഡ് വാക്‌സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്‌സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ നല്‍കിയ പരാതിയില്‍ വടപളനി പോലീസ് മന്‍സൂര്‍ അലിഖാനെതിരേ കേസെടുത്തിരുന്നു.
കോവിഡ് വാക്‌സിനെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിര്‍ബന്ധപൂര്‍വം വാക്‌സിനെടുപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്‍സൂര്‍ അലിഖാന്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു.