Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ആളുകള്‍ മരിച്ചു വീഴുമ്പോഴും പുതിയ പാര്‍ലമെന്റ് നിര്‍മാണം തകൃതി; ലോക്ഡൗണും ബാധകമല്ല

ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായി തുടരുമ്പോഴും ദല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചുവീഴുമ്പോഴും ലോക്ഡൗണ്‍ പോലും വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നത് വിവാദമാകുന്നു. കോവിഡ് വാക്‌സിനും ഓക്‌സിജനും വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തിലും 20,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണം പതിവു പോലെ നടക്കുന്നു. ദല്‍ഹിയില്‍ നിര്‍മാണ മേഖല അടക്കം എല്ലാം സ്തംഭിപ്പിച്ച് ലോക്ഡൗണ്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നെങ്കിലും ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല. 

ഇപ്പോള്‍ നടന്നുവരുന്ന 1500 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണത്തെ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതി പോലും ദേശീയ അടിയന്തരാവസ്ഥ എന്നു വിശേഷിപ്പിച്ച കോവിഡ് മഹാമാരി രൂക്ഷമായ വേളയില്‍ ഈ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നതിനെതിരെ പ്രതിപക്ഷത്തു നിന്നടക്കം പലകോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനാവശ്യ പദ്ധതികള്‍ക്കു വേണ്ടി വന്‍തോതില്‍ പണം ദുരുപയോഗം ചെയ്യുന്നതിനു പകരം ഓക്‌സിജനും വാക്‌സിനും കൂടുതലായി ലഭ്യമാക്കാന്‍ പണം ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഈ പദ്ധതി ഉടന്‍ നിര്‍ത്തിവെക്കണം, ഈ പൊങ്ങച്ച പദ്ധതിയുമായി മുന്നോട്ടു പോകേണ്ട സമയമല്ല ഇതെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. 

എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് ജനുവരിയില്‍ അനുകൂല വിധി ലഭിച്ചതിനു ശേഷം തുടങ്ങിയ ജോലികള്‍ മുടങ്ങാതെ ഇവിടെ നടന്നു വരുന്നുണ്ട്. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ജോലിക്കാരെ പ്രത്യേകമായി വാഹനങ്ങളിലാണ് ഇവിടെ എത്തിക്കുന്നത്. സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തു തന്നെയാണ് തൊഴിലാളികളും കഴിയാറുള്ളത്. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ താമസിക്കുന്നില്ല. ലോക്ഡൗണ്‍ സമയത്തും മറ്റിടങ്ങളില്‍ നിന്ന് ഇവരെ ഇവിടെ എത്തിക്കുകയാണ്. ഇവരിലേറെ പേരും 16 കിലോമീറ്റര്‍ അകലെ കീര്‍ത്തി നഗറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമാണ് വരുന്നത്. 

രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനുമിടയിലെ നാലു കിലോമീറ്ററിനിടയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്റ്റ പണിയുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി പണി പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നത്. 600 രൂപ ദിവസക്കൂലിയില്‍ 12 മണിക്കൂര്‍ വരെയാണ് ഇവിടെ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ജോലി ചെയ്യുന്നത്.
 

Latest News