Sorry, you need to enable JavaScript to visit this website.

മാസ്‌ക് ധരിക്കാതെ യോഗത്തില്‍; പ്രധാനമന്ത്രിക്ക് പിഴയിട്ട് തായ്‌ലന്‍ഡ്

ബാങ്കോക്ക്- കൊറോണ വ്യാപിക്കുന്നതിനിടെ മാസ്‌ക് ധരിക്കാതെ യോഗത്തില്‍ പങ്കെടുത്ത
തായ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഒച്ചയ്ക്ക് പിഴ ചുമത്തി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക്  20,000 ബാത്ത് വരെ പിഴ (47,610 രൂപ) ചുമത്താനുള്ള തീരുമാനത്തിലാണ് പ്രധാനമന്ത്രി കുടുങ്ങിയത്. തിങ്കളാഴ്ചയാണ് ബാങ്കോക്കല്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരുന്നത്. പഴിയടക്കുന്നതിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തികളില്‍ ഒരാളാണ് പ്രയൂത്ത്. ഇദ്ദേഹത്തിന് 6,000 തായ് ബാത്താണ് (14000 രൂപ) പിഴ ചുമത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  
കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയതായും ബാങ്കോക്ക് ഗവര്‍ണര്‍ അസ്വിന്‍ ക്വാന്‍മുവാങ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
യോഗത്തിനു ശേഷം പിഴ ചുമത്തിയ സംഭവം ശരിയായ നടപടിയാണോ എന്ന് ഗവര്‍ണറെന്ന നിലയില്‍ അന്വേഷിക്കുന്നതിന് പ്രധാനമന്ത്രി എന്നോട്  ആവശ്യപ്പെട്ടു. ബാങ്കോക്കിലുള്ളവര്‍ പുറത്തിറങ്ങുകയാണെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണമെന്ന  മെട്രോപൊളിറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ നിയമം ലംഘിക്കപ്പെട്ടതായി ഞാന്‍ അദ്ദേഹത്തെ അറിയിച്ചു- ഗവര്‍ണര്‍ പറഞ്ഞു.
2015 ലെ രോഗനിയന്ത്രണ നിയമത്തിലെ സെക്്ഷന്‍ 51 പ്രകാരം മാസ്‌ക് ധരിക്കാതെ നിയമം ലഘിക്കുന്നവര്‍ക്ക് 20,000 ബാത്ത് വരെ പിഴ ഈടാക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വകഭേദം വ്യാപിച്ചു തുടങ്ങിയതോടെയാണ് പുതിയ തരംഗം തടയുന്നതിന് തായ് അധികൃതര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബാങ്കോക്കില്‍ സിനിമാശാലകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, ജിമ്മുകള്‍ എന്നിവയുള്‍പ്പെടെ 30 തരം ബിസിനസുകള്‍ അടച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍ക്ക് രാത്രി തുറക്കാന്‍ അനുമതിയില്ല.  
തിങ്കളാഴ്ച തായ്‌ലന്‍ഡില്‍ 2,048 പുതിയ കേസുകളും എട്ട്  മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.  തുടര്‍ച്ചയായ നാലാം ദിവസമാണ് 2,000 ലേറെ  പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകളുടെ എണ്ണം 57,508 ആയി വര്‍ധിച്ചു.

 

 

Latest News