ന്യൂദല്‍ഹി- രൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം മേയ് രണ്ടിന് വരാനിരിക്കെയാണ് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിനും അതിനു ശേഷവും വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.