Sorry, you need to enable JavaScript to visit this website.

അഫ്രാസുലിനെ കൊന്നത് അബദ്ധത്തിൽ; ലക്ഷ്യമിട്ടത് മറ്റൊരാളെ എന്ന് ശംഭുലാൽ

ജയ്പൂർ- രാജ്യത്തുടനീളം പ്രതിഷേധത്തിനിടയാക്കുകയും രാജസ്ഥാനിൽ പലയിടത്തും വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുകയും ചെയ്ത രാജസമന്ദിലെ കൊലപാതകം അബദ്ധത്തിലായിരുന്നെന്ന് പ്രതിയുടെ മൊഴി. പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി മുഹമ്മദ് അഫ്രാസുലിനെ ലൗ ജിഹാദ് ആരോപണമുന്നയിച്ച് കൊലപ്പെടുത്തിയത് അബദ്ധത്തിലാണെന്നും  താൻ ലക്ഷ്യമിട്ടത് മറ്റൊരാളെ ആയിരുന്നെന്നും കേസിൽ അറസ്റ്റിലായ കൊലയാളി ശംഭുലാൽ റെഗാർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

'അജ്ജു ശൈഖ് എന്ന മറ്റൊരാളെയാണ് ശംഭുലാൽ കൊല്ലാൻ ആഗ്രഹിച്ചത്. താൻ സഹോദരിയെ പോലെ കാണുന്ന ഒരു പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലാണെന്ന് ആരാപിച്ചായിരുന്നു ഇത്. എന്നാൽ ഈ പെൺകുട്ടിയുമായി ശംഭുലാലിന് പ്രണയ ബന്ധമുണ്ടായിരുന്നെന്നാണ് ഞങ്ങളുടെ സംശയം,' രാജസമന്ദ് പോലീസ് സർക്ക്ൾ ഓഫീസർ രാജേന്ദ്ര സിങ് റാവു പറഞ്ഞു.

അജ്ജുവും പശ്ചിമ ബംഗാളിലെ അഫ്രസുലിന്റെ നാടായ മാൽഡയിൽ നിന്നുള്ളയാളാണ്. രാജസമന്ദിൽ വർഷങ്ങളായി തൊഴിൽ ചെയ്തു ജീവിക്കുകയാണ്. ശംഭുലാൽ ഫോണിലൂടെ അജ്ജുവുമായി സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. അജ്ജുവിനെ കൊല്ലാൻ തീരുമാനിച്ച ശംഭുലാൽ ജർച്ചക്കി മാർക്കറ്റിൽ ചെന്ന് അജ്ജുവിനെ തിരക്കിയെങ്കിലും കണ്ടെത്തിയില്ല. മറ്റൊരു തൊഴിലാളിയോട് അജ്ജുവിന്റെ നമ്പർ ചോദിച്ചു. എന്തെങ്കിലും ജോലിക്കായിരിക്കുമെന്നും അഫ്രസുലിനെ സഹായിക്കാമെന്നും കരുതി ശംഭുലാലിന് ഈ തൊഴിലാളി അഫ്രാസുലിന്റെ നമ്പർ നൽകുകയായിരുന്നു. കൊലപാതകത്തിന്റെ തൊട്ടുമുമ്പത്തെ ദിവസം ഡിസംബർ അഞ്ചിന് ശംഭുലാൽ അഫ്രാസുലിനെ വിളിച്ചു. അജ്ജുവിന്റേതിനു സമാനമായ ശബ്ദമായതിൽ ആരാണെന്ന് ഉറപ്പു വരുത്തിയതുമില്ല. പിന്നീട് സംഭവ ദിവസം രാവിലെ ഒമ്പത് മണിക്ക് വിളിച്ച് ഒരു മതിൽ പണിയാനുണ്ടെന്നു പറഞ്ഞ് വരുത്തുകയായിരുന്നു. 10.30ന് അഫ്രാസുൽ എത്തുകയും ഇരുവരും ചേർന്ന് ഒരു ചായക്കടയിൽ നിന്ന് ഒന്നിച്ചു ചായ കുടിക്കയും ചെയ്ത ശേഷമാണ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള ജോലിസ്ഥലത്ത് അഫ്രാസുലിനെ എത്തിച്ചത്. ശേഷം വീട്ടിൽ ചെന്ന് മഴുവും ആയുധങ്ങളും കൊണ്ടു വന്നു. കൊലപാതകം ക്യാമറയിൽ പകർത്താൻ ഒരു ബന്ധുവിനേയും കൂടെ കൂട്ടുകയായിരുന്നെന്നും പോലീസ് പറയുന്നു. 

ഈ ദാരുണ കൊലപാതകത്തിലെ കേന്ദ്ര ബിന്ദുവായ പെൺകുട്ടി ശംഭുലാലിന്റെ നാട്ടുകാരിയാണ്. ഈ പെൺകുട്ടിയുമായി ശംഭുലാൽ പ്രണയത്തിലായിരുന്നെന്ന സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്. 2010ൽ ഈ പെൺകുട്ടി മറ്റൊരു തൊഴിലാളിയായ മുഹമ്മദ് ബാബ്ലു ശൈഖ് എന്നയാളോടൊപ്പം മാൾഡയിലേക്ക് ഒളിച്ചോടിയിരുന്നു. അവിടെ നിന്നും പിടികൂടി തിരികെ കൊണ്ടു വന്ന് ഏതാനും മാസങ്ങൾക്കു ശേഷം അജ്ജു പെൺകുട്ടിയെ വീണ്ടും മാൾഡയിലേക്കു കൊണ്ടു പോയി എന്നും ആരോപിക്കപ്പെടുന്നു.

'ശംഭു പറയുന്നത് പെൺകുട്ടിയെ വീണ്ടും കൊണ്ടു പോയത് അജ്ജുവാണെന്നാണ്. സംഭവത്തിനു ശേഷം ശംഭുലാൽ പെൺകുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ അജ്ജുവാണ് ഫോണെടുത്തത്. ഇരുവരും വാക്കേറ്റമുണ്ടായി.' പോലീസ് പറയുന്നു. 

പെൺകുട്ടിയെ തിരികെ എത്തിക്കാൻ ആരെങ്കിലും സഹായിക്കണമെന്ന അമ്മയുടെ വിലാപം കേട്ടാണ് 2012ൽ ശംഭുലാൽ സ്വയം ഇതിനായി രംഗത്തു വന്നത്. ശംഭുലാൽ തന്നെ തിരിച്ചു കൊണ്ടുവരാൻ വന്നിരുന്നെങ്കിലും താൻ അദ്ദേഹത്തോടൊപ്പം പോകാൻ തയാറായിട്ടില്ലെന്നും താൻ ഒറ്റയ്ക്കാണ് തിരിച്ചു പോയതെന്നും പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്നെ രക്ഷപ്പെടുത്തിയതിന് അമ്മയുടെ പക്കൽ നിന്നും ശംഭുലാൽ 10000 രൂപ വാങ്ങിയതായും പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

നാലഞ്ചു മാസം മുമ്പ് അജ്ജു വീണ്ടും പെൺകുട്ടിയെ കണ്ടിരുന്നു. ഇതറിഞ്ഞ ശംഭു പെൺകുട്ടിയെ തിരികെ കൊണ്ടു പോകാൻ അജ്ജു വീണ്ടും ശ്രമിക്കുകയാണെന്ന് സംശയിക്കുകയും അയാളെ വകവരുത്താൻ തീരുമാനിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിനു മുമ്പ് ഇന്റർനെറ്റിൽ വിദ്വേഷ കൊലപാതകങ്ങളുടേയും വർഗീയ സംഘർഷങ്ങളുടേയും വീഡിയോകൾ ധാരാളമായി ശംഭുലാൽ കണ്ടിരുന്നെന്നും ഇതാണ് കൊലപാതകത്തിന് പ്രചോദനമായതെന്നും പോലീസ് പറഞ്ഞു. മുസ്ലിംകളോടുള്ള വിദ്വേഷമാണ് അജ്ജുവിനെ കൊലപ്പെടുത്തണമെന്ന തീരുമാനത്തിലേക്ക് ശംഭുലാലിനെ എത്തിച്ചത്. മുസ്ലിംകൾ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഹിന്ദുക്കൾ ഉണരണമെന്നും ശംഭുലാൽ പറഞ്ഞു കൊണ്ടിരുന്നതായും പോലീസ് വിശദീകരിച്ചു.
 

Latest News