കൊച്ചി ലേലത്തിൽ തേയിലക്ക് ആവശ്യം കുറഞ്ഞത്മൂലം വിവിധയിനങ്ങളുടെ നിരക്ക് കിലോ നാല് മുതൽ ഏഴ് രൂപ വരെ ഇടിഞ്ഞു. ലേല കേന്ദ്രങ്ങളിൽ വൻ സ്വാധീനം ചെലുത്തിയിരുന്ന സപ്ലെക്കോയുടെ പിൻമാറ്റം കനത്ത പ്രഹരമായി. റേഷൻ കട വഴിയുള്ള കിറ്റ് വിതരണം സ്തംഭിച്ചതാണ്് ലേലത്തിൽനിന്ന് സപ്ലെക്കോയെ പിൻതിരിപ്പിച്ചത്. പ്രതിവാരം 80,000 കിലോ വരെ തേയില നേരത്തെ സർക്കാർ ഏജൻസി സംഭരിച്ചിരുന്നു. സൗജന്യ കിറ്റ് വിതരണ വേളയിൽ സപ്ലെക്കോ രണ്ട് ലക്ഷം കിലോ വരെ തേയില സംഭരിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ അവർ രംഗത്തുനിന്ന് അകന്നത് തേയില വിലയെ ബാധിച്ചു. സർക്കാർ ഏജൻസി രംഗത്ത് തിരിച്ച് എത്തിയാൽ വില മെച്ചപ്പെടുമെന്നാണ് തോട്ടം മേഖലയുടെ വിലയിരുത്തൽ. സി.ഐ.എസ് രാജ്യങ്ങളിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള ഷിപ്പ്‌മെൻറ്റ് നടക്കുന്നു. കൊച്ചി ലേലത്തിൽ ലീഫ് വിഭാഗത്തിൽ 1.83 ലക്ഷം കിലോ ഓർത്തഡോക്‌സും 34,000 കിലോ സി.റ്റി.സിയും ഡസ്റ്റ് വിഭാഗത്തിൽ 16,000 കിലോ ഓർത്തഡോക്‌സും 12.66 ലക്ഷം കിലോ സി.റ്റി.സിയും ലേലം കൊണ്ടു.
കോവിഡ് രൂക്ഷമായതോടെ ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ഡിമാന്റ് മങ്ങി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ വിപണികളുടെ പ്രവർത്തന സമയം വെട്ടികുറച്ചത് വിൽപന കുറച്ചു. അന്തർസംസ്ഥാന വ്യാപാരികളിൽ നിന്നുള്ള ഡിമാന്റ് മങ്ങിയതോടെ കുരുമുളക് വില ക്വിന്റലിന് 1600 രൂപ ഇടിഞ്ഞു. വില തകർച്ച കണ്ട് കാർഷിക മേഖല മുളക് നീക്കം കുറച്ചിട്ടും തളർച്ചയെ പിടിച്ച് നിർത്താനായില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5300 ഡോളറാണ്. വിയെറ്റ്‌നാം ടണ്ണിന് 3700 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
പ്രമുഖ ലേല കേന്ദ്രങ്ങളിൽ പ്രതിദിനം അരലക്ഷത്തിനും മുക്കാൽ ലക്ഷത്തിനുമിടയിൽ ഏലക്ക വിൽപനക്ക് എത്തിയത് വാങ്ങലുകാർക്ക് ആശ്വാമായി. വേനൽ മഴയുടെ വരവ് സ്റ്റോക്കിസ്റ്റുകളെ വിൽപനയിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. വാരാന്ത്യം നെടുക്കണ്ടത്ത് നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 1688 രൂപയിലും ശരാശരി ഇനങ്ങൾ 1089 രൂപയിലും കൈമാറി. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഏലത്തിന് അന്വേഷണങ്ങളുണ്ട്.
മുഖ്യ വിപണികളിൽ റബർ ക്ഷാമം തുടരവേ ടയർ വ്യവസായികൾ ഷീറ്റ് വില വീണ്ടും ഇടിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡിന് 400 രൂപ ഇടിഞ്ഞ് 16,300 രൂപയായി. അഞ്ചാം ഗ്രേഡ് 15,500-16,000 രൂപയിലും വിപണനം നടന്നു.
നാളികേരോൽപന്നങ്ങൾക്ക് തളർച്ച. ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയുടെ ലഭ്യത മുൻ മാസങ്ങളെ അപേക്ഷിച്ച് ഉയർന്ന് തുടങ്ങിയതിനാൽ മില്ലുകാർ ചരക്ക് സംഭരം കുറച്ചു. മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിപണിയിൽ ഇറക്കാൻ ഉത്സാഹിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 19,250 രൂപയിലും കൊപ്ര 12,750 രൂപയിലുമാണ്.
ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,320 നിന്ന് 36,080 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച 35,680 രൂപയായി. ഗ്രാമിന് വില 4460 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1776 ഡോളറിൽ 1797 ഡോളർ വരെ ഉയർന്ന അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ ക്ലോസിംഗിൽ സ്വർണ വില 1773 ഡോളറായി താഴ്ന്നു.