കൊച്ചി-അഭ്രപാളികളില്‍ നടന വിസ്മയം തീര്‍ക്കുന്ന നടന്‍ മോഹന്‍ലാല്‍ ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തം വീട്ടുവളപ്പില്‍ ജൈവ പച്ചക്കറി കൃഷിയുടെ പരിപാലനവുമായി തിരക്കിലായിരുന്നു. ആ സമയങ്ങളില്‍ തന്നെ വീട്ടുവളപ്പിലെ ജൈവകൃഷിയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു.
കൊച്ചി എളമക്കരയിലെ വീടിന് ചുറ്റുമൊരുക്കിയ ജൈവപച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പും പരിപാലനവും എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോ കൂടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തക്കാളി, കാന്താരി, ചുരങ്ങ, പയര്‍, വഴുതന, പാവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പിന് പാകമായി തോട്ടത്തില്‍ നില്‍ക്കുന്നത്. ഗ്രോബാഗിലും മണ്ണിലുമെല്ലാം കൃഷിയുണ്ട്.
തലയില്‍ തോര്‍ത്തും കെട്ടി തനി കര്‍ഷകന്റെ വേഷത്തില്‍ സഹായിക്കൊപ്പം കൃഷിയെ പരിപാലിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. നാല് വര്‍ഷത്തോളമായി വീട്ടാവശ്യങ്ങള്‍ക്കായി സ്വന്തമായി കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ മാത്രമാണ് ഉപയോഗിക്കാറുള്ളതെന്നും എല്ലാവരും ഇത്തരത്തില്‍ ജൈവപച്ചക്കറി കൃഷി ജീവിതചര്യയാക്കണെമെന്നും താരം അഭ്യര്‍ഥിച്ചു.
'ജീവിതം സുരക്ഷിതമാക്കാന്‍ ജൈവകൃഷി ശീലമാക്കൂ' എന്ന സന്ദേശത്തോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറിയുടെ അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. വീഡിയോ കണ്ടവരെല്ലാം ലാലേട്ടനിലെ കര്‍ഷകനെ അഭിനന്ദിക്കുന്ന തിരക്കിലാണ്.