ന്യൂദല്‍ഹി- ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ടാമത് കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിന് വില കമ്പനി പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 1200 രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയുമാണ് വില്‍പ്പന നിരക്ക്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് (ഓക്സഫഡ് ആസ്ട്രസെനക) വാക്സിനേക്കാള്‍ കൂടിയ വിലയാണിത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപ വില്‍ക്കുന്ന കോവാക്സിന് സംസ്ഥാനങ്ങള്‍ നാലിരട്ടി അധികം വില നല്കി വാങ്ങേണ്ടി വരും. ഒരു ഡോസിന് 1200 മുതല്‍ 1500 രൂപ വരെയാണ് കയറ്റുമതി വിലയെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.
കോവാക്സിന് വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും ഭാരത് ബയോടെക്ക് ആണ്. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കോവാക്സിന്റെ പകുതിയിലേറയും കേന്ദ്ര സര്‍ക്കാരിനാണ് നല്‍കുന്നതെന്നും കമ്പനി പറയുന്നു. ഇതോടെ കോവിഡ് വാക്സിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യക്കാര്‍ നല്‍കേണ്ടത് ലോകത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്.
വാക്സിന് കമ്പനികള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന വാക്സിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും സൗജന്യമായി വിതരണം ചെയ്യുമോ എന്ന് വ്യക്തമല്ല. കേരളം ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് വാക്സിന് വിതരണം സൗജന്യമാണെന്ന് പ്രഖ്യപിച്ചിട്ടുള്ളൂ.